ഡോംബിവ്ലി : കേരളീയ സമാജം ഡോംബിവ്ലിയുടെ പുതുതായി നിർമ്മിച്ച മോഡൽ ഇംഗ്ലീഷ് സ്‌കൂളിന്റെ ഉദ്ഘാടനം നാളെ നടക്കും. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ഐ.ആർ.ബി ഇൻഫ്ര സ്‌ട്രെക്ച്ചർ ഡെവലപ്പേഴ്സ്് ലിമിറ്റഡ് ചെയർമാനുമായ വീരേന്ദ്ര ഡി. മയിസ്‌ക്കർ വൈകിട്ട് നാലു മണിക്ക് ഉദ്ഘാടനം നിർവ്വഹിക്കും. ഡോംബിവ്ലി ഈസ്റ്റിലുള്ള പാണ്ഡുരംഗവാഡിയിലാണ് അത്യന്താധുനിക പഠന സൗകര്യങ്ങളോടുകൂടിയ ഏഴു നില സ്‌കൂൾ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പഴയ കെട്ടിടം പൊളിച്ചുമാറ്റിയായിരുന്നു പുതിയ കെട്ടിടത്തിന്റെ നിർമ്മാണം.
ഉദ്ഘാടനചടങ്ങിന് ശേഷം വൈകുന്നേരം ആറ് മണിമുതൽ കെഡിഎംസി മൈതാനത്ത് സാംസ്‌ക്കാരിക സമ്മേളനവും മെഗാ സ്റ്റേജ് ഷോയും ഉണ്ടാകും. സാംസ്‌ക്കാരിക സമ്മേളനത്തിൽ മഹാരാഷ്‌ട്ര പൊതുമരാമത്തുവകുപ്പ് മന്ത്രി രവീന്ദ്ര ചവാൻ, കല്യാൺ ലോകസഭാംഗം ഡോ .ശ്രീകാന്ത് ഷിൻഡെ എന്നിവർ വിശിഷ്ടാതിഥികളാകും. കൂടാതെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.
തുടർന്ന് പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസ്, ഗായകൻ റിതുരാജ, ഹാസ്യ താരങ്ങളായ വിതുര തങ്കച്ചൻ, അഖിൽ കവടിയൂർ എന്നിവരുടെ നേതൃത്തത്തിൽ മെഗാ സ്റ്റേജ് ഷോ അരങ്ങേറും.
1972 നവംബറിലാണ് പാണ്ഡുരംഗവാഡിയിൽ മോഡൽ സ്‌കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടത്. കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമ്മാണം കഴിഞ്ഞയുടനെ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും 1983 ജനുവരിയിൽ നാലാംഘട്ട നിർമ്മാണം പൂർത്തിയായതോടെയാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്. 35 വർഷത്തോളം മികച്ചരീതിയിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂൾ കെട്ടിടം 2020-ൽ പൂർണ്ണമായും പൊളിച്ച് മാറ്റിയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 2023-ൽ മോഡൽ ഇംഗ്ലീഷ് സ്‌കൂളിന്റെ നിർമ്മാണം പൂർത്തിയാക്കി.
36 ക്ലാസ്സുമുറികൾ, 2 ലൈബ്രറി, ലാബുകൾ, അത്യന്താധുനിക സൗകര്യങ്ങളോടു കൂടിയ കംപ്യൂട്ടർ ക്ലാസ്സ് മുറികൾ, ഓഡിറ്റോറിയം ഉൾപ്പെടെ എല്ലാവിധ പഠന സൗകര്യങ്ങളും വിദ്യാർത്ഥികൾക്കായി സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്