ബെയ്ജിംഗ്: 1,400 വർഷം പഴക്കമുള്ള ബുദ്ധപ്രതിമകൾക്ക് ഗ്രാമവാസികൾ കേടുവരുത്തിയതായി റിപ്പോർട്ട്. ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ മൈകാഗ് പുരാതന റോഡിൽ സ്ഥിതിചെയ്യുന്ന പ്രതിമകൾക്കാണ് ഗ്രാമവാസികൾ കേടുവരുത്തിയത്. തങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നതിന് സഹായിച്ച ദൈവങ്ങൾക്ക് നന്ദി സൂചകമായി ഗ്രാമവാസികൾ ബുദ്ധപ്രതിമകളിൽ പെയിന്റടിക്കുകയായിരുന്നു.
പച്ചയും ചുവപ്പും നിറത്തിലുള്ള ചായങ്ങളാണ് ഗ്രാമവാസികൾ ബുദ്ധപ്രതിമകളിൽ പൂശിയത്. എന്നാൽ ഗ്രാമവാസികൾ ചെയ്ത പ്രവർത്തി ബുദ്ധപ്രതിമകളോടുള്ള അനാദരവാണെന്നും പ്രതിമകളുടെ മൂല്യം നശിപ്പിച്ചെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. എഡി-386, എഡി-534 കാലഘട്ടത്തിൽ നിർമ്മിച്ച പ്രതിമകളാണിവ.
രണ്ട് വർഷം മുമ്പാണ് ഈ ബുദ്ധപ്രതിമകൾ കണ്ടെത്തിയത്. പ്രാദേശിക അധികാരികളുടെ സംരക്ഷണയിലാണ് ഇവ ഉള്ളത്. സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പ്രദേശത്ത് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. കൾച്ചറൽ റെലിക് അതോറിറ്റിയിലെ ഉദ്യോഗസ്ഥർ ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് ഗ്രാമവാസികൾ ബുദ്ധപ്രതിമയിൽ ചായം പൂശീയതായി കണ്ടെത്തിയത്. 70-80 വയസിന് ഇടയിൽ പ്രായമുള്ളവരാണ് പ്രതിമയിൽ ചായം പൂശിയതെന്നും പ്രതിമകൾ പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.















