എറണാകുളം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ ജില്ല കൗൺസിൽ അംഗവും ബാങ്ക് മുൻ പ്രസിഡന്റുമായ ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് ജയിലിൽ വച്ച് ഭാസുരാംഗന് നെഞ്ചുവേദനയുണ്ടായത്.
കഴിഞ്ഞ ദിവസമാണ് ഭാസുരാംഗനെ കോടതി റിമാൻഡ് ചെയ്തത്. ഭാസുരാംഗന്റെ ആരോഗ്യപ്രശ്‌നങ്ങൾ കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ ഉറപ്പാക്കണമെന്ന് ജയിൽ സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചു. ആരോഗ്യസ്ഥിതി ചൂണ്ടികാണിച്ച് റിമാൻഡ് ഒഴിവാക്കാൻ പ്രതിഭാഗം ശ്രമിച്ചിരുന്നു. എന്നാൽ ഇഡി ഇതിനെ എതിർക്കുകയായിരുന്നു. തുടർന്നാണ് നിർദ്ദേശത്തോടൊപ്പം കോടതി ഭാസുരാംഗനെ റിമാൻഡ് ചെയ്തത്.
സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഭാസുരാംഗന്റെ മാറനല്ലൂരിലെ വീട്ടിൽ ഇഡി പരിശോധന നടത്തി. നേരത്തെയും ഭാസുരാംഗന്റെ വീടുകൾ ഇഡി പരിശോധന നടത്തി സീൽ ചെയ്തിരുന്നു.















