തൃശൂർ: ശക്തൻ സ്റ്റാന്റ് ശോചനീയാവസ്ഥയിൽ. സംസ്ഥാനത്തുടനീളം ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരും യാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാതെ മൗനം നടിക്കുകയാണ് അധികൃതർ. ബസുകളിൽ നിന്നും സ്റ്റാൻഡ് ഫീസ് ഈടാക്കുന്ന കോർപ്പറേഷൻ അധികൃതർക്ക് നിരവധി പരാതികൾ നൽകിയിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ബസ് ജീവനക്കാരുടെ പരാതി.
‘ശക്തൻ സ്റ്റാന്റിന്റെ അവസ്ഥ ഇന്ന് വളരെ പരിതാപകരമാണ്. ബസുകൾ സ്റ്റാന്റിനുള്ളിലെ കുണ്ടും കുഴിയും താണ്ടി പുറത്തേക്ക് കടക്കുമ്പോഴേക്കും യാത്രക്കാരുടെ നടുവൊടിയും. ബസ് ജീവനക്കാരിൽ നിന്നും 25 രൂപയോളമാണ് സ്റ്റാൻഡ് ഫീസ് ഈടാക്കുന്നത് എന്നിട്ടു പോലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കോർപ്പറേഷൻ അധികൃതർ തയ്യാറാവുന്നില്ല.
ബസ് സ്റ്റാന്റിന്റെ തൂണുകളും നിലം പൊത്താറായ അവസ്ഥയിലാണ്. യാത്രക്കാർ ഒന്ന് ഇരിക്കാമെന്ന് കരുതിയാൽ ആശുപത്രിയിൽ കയറേണ്ടി വരും. തുരുമ്പിച്ച് വിണ്ടുകീറിയ കസേരകളിൽ കൊണ്ട് കൈ മുറിയാനുള്ള സാധ്യതയാണ് ഏറെയും. മഴയായാൽ പിന്നെ സ്റ്റാന്റിനുള്ളിൽ വെള്ളക്കെട്ടാണ്. അങ്ങിങ്ങായി സിസിടിവി ക്യാമറകൾ ഉള്ളത് മാത്രമാണ് ഒരു ആശ്വാസം. സ്റ്റാന്റിലെ ശോചനീയാവസ്ഥയിൽ നിരവധി തവണ പരാതി നൽകിയിട്ടും പരിഹാരമില്ലാത്തതിനാൽ ഇനി മുതൽ സ്റ്റാൻഡ് ഫീസ് കൊടുക്കുവാനും സൗകര്യമില്ലെന്ന് ‘-ബസ് ജീവനക്കാർ പറഞ്ഞു.
അതേസമയം ബസ് സ്റ്റാന്റിലെത്തുന്നവർക്ക് ടോയ്ലെറ്റിൽ പോകണമെങ്കിൽ അതിനും ബുദ്ധിമുട്ടാണ്. ആകെയുള്ള പരിമിതമായ ടോയ്‌ലെറ്റിൽ ബോർഡ് പോലും വെക്കാതെ തുക ഈടാക്കുന്നത് തോന്നിയ രീതിയിലാണെന്നും സ്റ്റാൻഡിലെത്തുന്ന വിദ്യാർത്ഥികളടക്കം വ്യക്തമാക്കുന്നു.















