കോഴിക്കോട്: ജനങ്ങളെ കാണാൻ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചില്ല് മാറ്റുന്നതിന് എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും മന്ത്രിമാരും സീറ്റിൽ ഇരിക്കുമ്പോൾ കഴുത്തിന് മുകളിൽ മാത്രമാണ് പുറത്തുള്ളവർക്ക് കാണാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് ചില്ല് മാറ്റുന്നത്.
മന്ത്രിമാർക്ക് പുറത്തേക്കും പൊതുജനങ്ങൾക്ക് അകത്തേക്കും കാഴ്ചയ്‌ക്ക് തടസ്സമുണ്ടായിരുന്നതിനാൽ വശങ്ങളിലുള്ള ഏഴ് ചില്ലുകളും മുൻവശത്തെ ഗ്ലാസും സ്വന്തം ചെലവിൽ മാറ്റാനാണ് നിർമാണ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ചില്ലുകൾ മാറ്റാനുള്ള പണികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
രണ്ട് ചില്ലുകൾ മാറ്റാനായി നടക്കാവ് വർക്ക്ഷോപ്പിൽ എത്തിച്ചിരുന്നെങ്കിലും നന്നാക്കാൻ കഴിഞ്ഞില്ലെന്ന് അധികൃതർ അറിയിച്ചു. ഗ്ലാസ് ഇളക്കിയെടുത്ത് പുതിയത് ഘടിപ്പിക്കാൻ വേണ്ടത്ര സമയം ലഭിക്കില്ല എന്നതിനാലാണ് ശ്രമം ഉപേക്ഷിച്ചതെന്നും കെഎസ്ആർടിസി പറഞ്ഞു. എന്നാൽ നവകേരള ബസിന്റെ ചില്ലുകൾ മാറ്റിയതായി താനോ മന്ത്രിമാരോ കണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.















