എറണാകുളം: കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിലുണ്ടായ അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. മൂന്നംഗ സമിതി സംഭവം അന്വേഷിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. സാങ്കേതിക വിദഗ്ധരടങ്ങുന്ന സമിതിയായിരിക്കും അപകടം അന്വേഷിക്കുക. ടെക്‌ഫെസിറ്റിവൽ ഉൾപ്പെടെയുള്ള പരിപാടികൾക്ക് മാർഗ രേഖ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികളെ ഓഡിറ്റോറിയത്തിൽ കയറ്റി വിടുന്നതിൽ വീഴ്ചയുണ്ടായതായി വിസി അറിയിച്ചു. ഗേറ്റിലൂടെ കുട്ടികൾ തിക്കിത്തിരക്കി കയറിയതാണ് അപകട കാരണമായത്. സംഭവത്തിൽ കളമശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്.
നിലവിൽ 38 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ടെക്‌ഫെസ്റ്റിന്റെ ഭാഗമായി ക്യാമ്പസിനകത്തുള്ള ആംഫി തിയേറ്ററിൽ സംഘടിപ്പിച്ച സംഗീത നിശയിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപെട്ടത്. സംഗീത നിശയ്‌ക്ക് തൊട്ടുമുമ്പുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേരാണ് മരിച്ചത്.















