കുത്താട്ടുകുളം: കുസാറ്റിലെ ടെക്ഫെസ്റ്റിനിടെ നടന്ന അപകടം മനുഷ്യനിർമ്മിത ദുരന്തമാണെന്ന് വികാരി ഏലിയാസ് ജോൺ മണ്ണാത്തിക്കുളം. വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ഇടവക വികാരിയാണ് ഏലിയാസ്. ദുരന്തത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. അപകടത്തിൽ മരിച്ച അതുൽ തമ്പിയുടെ വീട്ടിൽ ശുശ്രൂഷ പ്രാർത്ഥനയ്‌ക്കിടെയാണ് വികാരിയുടെ പ്രതികരണം. അതുൽ തമ്പിയുടെ സംസ്കാര ചടങ്ങുകൾ കുത്താട്ടുകുളം വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ പുരോഗമിക്കുകയാണ്.
കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജനബാഹുല്യം നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിർദ്ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കാണ് മുഖ്യമന്ത്രി പ്രത്യേക നിർദ്ദേശം നൽകിയത്. വിവിധ പരിപാടികൾ നടത്തുന്നതിനായി അതോറിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങൾ നിലവിലുണ്ട്. ഇവ പരിഷ്കരിച്ച് അഞ്ചു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.
ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ അപകടം കളമശ്ശേരിയിലുണ്ടായത്. ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നടന്ന ടെക്ഫെസ്റ്റിന്റെ സമാപന ദിനമായിരുന്നു ദുരന്തത്തിൽ കലാശിച്ചത്. ബോളിവുഡ് ഗായിക നികിത നേതൃത്വം നൽകുന്ന സംഗീതനിശയ്‌ക്ക് മുന്നോടിയായി സംഭവിച്ച തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിക്കുകയായിരുന്നു. ഇതിൽ മൂന്ന് പേർ കുസാറ്റിലെ വിദ്യാർത്ഥികളാണ്. മറ്റൊരാൾ സുഹൃത്തിനൊപ്പം ഗാനമേള കാണാനെത്തിയ യുവാവായിരുന്നു. നാല് പേരും ശ്വാസംമുട്ടിയായിരുന്നു മരിച്ചത്. അതേസമയം സംഭവത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്നാണ് സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ട്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഗാനമേള സംഘടിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.