പത്തനംതിട്ട: റോബിൻ ബസിനെയും ഉടമ ഗിരീഷിനെയും വളഞ്ഞിട്ടാക്രമിച്ച് സർക്കാർ.ഗിരീഷിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടി ചെക്ക് നൽകി കബളിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ് എന്നാണ് സൂചന. പോലീസ് സംഘം വീട്ടിലെത്തിയാണ് ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്.
കോടതിയിൽ നിലനിൽക്കുന്ന ലോംഗ് പെൻഡിംഗ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈദ്യപരിശോധനയ്‌ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
സർക്കാരിനെതിരെ നിയമ പോരാട്ടം നടത്തി റോബിൻ ബസ് നിരത്തിലിറക്കിയത് മുതൽ ഗിരീഷിനെയും ബസിനെയും തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ് സർക്കാർ. അഖിലേന്ത്യ പെർമിറ്റുമായി സർവീസ് ആരംഭിച്ച ബസ് യാത്ര ആരംഭിച്ച് 200 മീറ്റർ പരിധിയിൽ വെച്ച് എംവിഡി പിഴ ചുമത്തുകയായിരുന്നു. പെർമിറ്റ് ലംഘനം ആരോപിച്ച് ഒരു ദിവസം തന്നെ പലയിടത്ത് വെച്ച് പിഴ ചുമത്തി. പിന്നീട് തമിഴ്നാട് പോലീസും പിഴ ചുമത്തി.
എംവിഡിയുടെ ആക്രമണത്തിൽ തളരാതെ സർവീസ് തുടർന്ന് റോബിനെ പിന്നീട് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. പകരം വീട്ടലെന്ന പോലെ കെഎസ്ആർടിസി ഇന്ന് വരെ സർവീസ് ഇല്ലാതിരുന്ന പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവീസ് ആരംഭിച്ചു. പിന്നാലെ ഇന്നലെ മുതൽ നൈറ്റ് സർവീസും കെഎസ്ആർടിസി ആരംഭിച്ചു. ഇതിന് പിന്നാലെയാണ് റോബിൻ ബസിന്റെ ഉടമ ഗിരീഷിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.















