തൃശൂർ; ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. ചേറുശ്ശേരി വിവേകാനന്ദ സേവാ കേന്ദ്രം മഠാധിപതി സംപൂജ്യ പുരുഷോത്തമാനന്ദ സരസ്വതി സ്വാമികൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 8, 9, 10 തീയതികളിലായാണ് തൃശൂരിൽ അദ്ധ്യാപക പരിഷത്തിന്റെ 45-ാം സംസ്ഥാന സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി പുരുഷോത്തമാനന്ദ സരസ്വതി സ്വാമികൾ ചെയർമാനായ 501 പേർ ഉൾപ്പെടുന്ന വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.എൻ. ഉണ്ണിരാജ ഐപിഎസ്, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സദാനന്ദൻ മാസ്റ്റർ, ബിജെപി ദേശീയ സമിതി അംഗം എം.എസ്. സമ്പൂർണ, തൃശൂർ കോർപ്പറേഷൻ കൗൺസിലർമാർ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ, എബിവിപി സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.യു. ശ്രീകാന്ത്, അദ്ധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ കെ.കെ. ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.















