എറണാകുളം: നാല് പേരുടെ മരണത്തിന് കാരണമായ കുസാറ്റിലെ സംഗീത പരിപാടിയുടെ സംഘാടനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്. രഹസ്യാന്വേഷണ വിഭാഗമാണ് എഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. മതിയായ സുരക്ഷാ നടപടികൾ സ്വീകരിക്കാതെയാണ് സംഗീതപരിപാടികൾ മുന്നോട്ട് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടനത്തിൽ വീഴ്ച സംഭവിച്ചിരുന്നുവെന്ന് നേരത്തെ തന്നെ കുസാറ്റ് വിസി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ഓഡിറ്റോറിയത്തിൽ രണ്ട് ഗേറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഒരു ഗേറ്റിലൂടെ മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതിനിടെയാണ് വിദ്യാർത്ഥികളുടെ തള്ളിക്കയറ്റമുണ്ടാവുകയും ദുരന്തത്തിലേക്ക് നയിക്കുകയും ചെയ്തത്.
ഇത്തരത്തിൽ വലിയൊരു പരിപാടി സംഘടിപ്പിക്കുമ്പോൾ തന്നെ പുറത്ത് നിന്നുൾപ്പെടെ ആളുകൾ എത്താൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ട് ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സംഘാടന സമിതിയിൽ കുട്ടികളും അദ്ധ്യാപകരും ഉണ്ടായിരുന്നുവെങ്കിലും അദ്ധ്യാപകരുടെ സാന്നിദ്ധ്യം എത്രമാത്രം ഉണ്ടായിരുന്നുവെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.