എറണാകുളം: എഞ്ചിനീയർ ആകണമെന്ന ആഗ്രഹവുമായാണ് കൂത്താട്ടുകുളക്കാരനായ അതുൽ തമ്പി കിട്ടിയ ജോലി ഉപേക്ഷിച്ച് കുസാറ്റിൽ ബിരുദത്തിന് ചേർന്നത്. പക്ഷേ, ആഗ്രഹിച്ച് പ്രവേശനം നേടിയ ക്യാമ്പസിൽ തന്നെ അതിദാരുണമായൊരു അപകട മരണത്തിന് കീഴടങ്ങാനായിരുന്നു ഈ ഇരുപത്തിനാലുകാരന്റെ വിധി.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ഈ ആഴ്ച വീട്ടിലേക്ക് വരില്ലെന്ന് അതുൽ മാതാപിതാക്കളെ വിളിച്ചറിയിച്ചത്. ക്യാമ്പസിൽ ടെക് ഫെസ്റ്റ് നടക്കുകയാണെന്നും മാതാപിതാക്കളെ അറിയിച്ചു. എന്നാൽ ഒരു ദിവസം ആകുന്നതിന് മുമ്പ് തന്നെ അതുൽ വീട്ടിലെത്തി. ചേതനയറ്റൊരു ശരീരം മാത്രമായി. കർഷക തൊഴിലാളിയായിരുന്ന തമ്പിയുടെയും മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥയായിരുന്ന ലില്ലിയുടെയും ഇളയ മകനായിരുന്നു അതുൽ. പഠനത്തിൽ കുട്ടിക്കാലം മുതൽ അതുൽ മിടുക്കനായിരുന്നു. പോളിടെക്നിക് പഠനം കഴിഞ്ഞ് ജോലി കിട്ടിയെങ്കിലും എഞ്ചിനീയർ ആകണമെന്ന ആഗ്രഹത്തിലാണ് ജോലി ഉപേക്ഷിച്ച് കുസാറ്റിൽ പ്രവേശന പരീക്ഷ പാസായി ബിരുദ പഠനത്തിന് ചേർന്നത്.
ക്യാമ്പസിലുണ്ടായ മരണത്തിൽ അതുൽ മരിച്ചെന്ന വിവരം രാത്രി വൈകിയായിരുന്നു കുടുംബം അറിഞ്ഞത്. ഇന്ന് വൈകിട്ട് കിഴകൊമ്പിലെ വീട്ടിൽ പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ നാട്ടുകാരും ജനപ്രതിനിധികളുമടക്കം ഒട്ടേറെ പേർ അന്ത്യാഞ്ജലിയർപ്പിച്ചു. വീടിനടുത്ത് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം.
ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും ശ്വാസകോശത്തിന് ഗുരുതര പരിക്കുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നാലുപേരുടെയും കഴുത്തിലും നെഞ്ചിലുമാണ് പരിക്കേറ്റിരിക്കുന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കളമശ്ശേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമാണ്. 38 പേരാണ് പരിക്കേറ്റ് ചികിത്സയിൽ തുടരുന്നത്. സംഭവത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്നാണ് സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ട്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഗാനമേള സംഘടിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.















