തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആർഒയുടെ സ്വപ്നപദ്ധതിയായ ഗഗൻയാൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. മനുഷ്യനെ കൊണ്ടു പോകുന്നതിന് മുമ്പുള്ള അവസാന ഘട്ടത്തിലെ ആളില്ലാ പരീക്ഷണം 2024 ഏപ്രിലോടെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തുമ്പ വിഎസ്എസ്സിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യോമമിത്ര റോബോട്ടിനെയാണ് ജിഎക്സ് എന്നു പേരിട്ടിരിക്കുന്ന അവസാനഘട്ട ആളില്ലാ പരീക്ഷണ ദൗത്യത്തിൽ ഉൾപ്പെടുത്തുക. ഇതിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളുടെ നിർമ്മാണം പൂർത്തിയായി. ഇപ്പോൾ ക്രൂ മൊഡ്യൂൾ അസംബ്ലി പൂർത്തിയാക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഡിസംബറിനു മുൻപായി ക്രയോജനിക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പൂർത്തിയാകും.
എസ്എസ്എൽവി ടെക്നോളജി സ്വകാര്യ മേഖലയ്‌ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കും. സ്വകാര്യ മേഖലയിൽ നിർമിക്കുന്ന പിഎസ്എൽവി എൻ 1 ന്റെ ലോഞ്ചിംഗ് അടുത്തവർഷം ഒക്ടോബറിൽ നടക്കും. എസ്എസ്എൽവി ലോഞ്ച് പാഡ് നിർമിക്കുന്നതിന് ആവശ്യമായ സ്ഥലമേറ്റെടുക്കൽ നടപടികൾ തമിഴ്നാട്ടിൽ പുരോഗമിക്കുകയാണ്. ലോഞ്ച് പാഡിന്റെ ഡിസൈൻ ഉൾപ്പെടെ പൂർത്തിയായെന്നും അടുത്ത മാസം അവസാനത്തോടെ ടെണ്ടർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആദിത്യ എൽ 1 മിഷൻ അവസാന ഘട്ടത്തിലാണ്. ജനുവരി 7ന് പേടകം എൽവൺ പോയിന്റിൽ എത്തിച്ചേരും. ബഹിരാകാശരംഗത്തെ സ്വകാര്യ പങ്കാളിത്തതിലൂടെ രാജ്യത്ത് തൊഴിലവസരങ്ങളും ബിസിനസ് സാധ്യതകളും വർധിപ്പിക്കും. 5 കമ്പനികളാണ് ഇന്ത്യയിൽ ഉപഗ്രഹങ്ങൾ നിർമിക്കാനുള്ള പ്രാപ്തി നേടിയിട്ടുള്ളത്. ഭാവിയിൽ ലോകത്തിന് വേണ്ടി ഉപഗ്രഹങ്ങൾ നിർമിക്കുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റാൻ ഈ മേഖലയിലെ സ്വകാര്യ പങ്കാളിത്തം സഹായകരമാകുമെന്നും അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കിയാൽ മാത്രമേ ബഹിരാകാശമേഖല വളരൂവെന്നും സോമനാഥ് വ്യക്തമാക്കി.















