തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ തായ്‌ലൻഡിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. നാളെയോടെ ഇത് തെക്കൻ ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. തുടർന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 29 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
നവംബർ 27 മുതല്‍ 30 വരെ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആൻഡമാൻ കടലിലും അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്. നവംബര്‍ 28ന് തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ മേഖലയിലുള്ളവർക്ക് മത്സ്യബന്ധനം പാടില്ല.















