ന്യൂഡൽഹി: അഖിലേന്ത്യാ ജുഡീഷ്യൽ സർവീസ് രാജ്യത്ത് സൃഷ്ടിക്കണമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള മിടുക്കരായ യുവാക്കളെ ഉയർത്തി കൊണ്ടുവരാൻ ഈ സർവ്വീസിന് കഴിയും. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനം സാധ്യമാക്കാനുള്ള അവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും നീതിന്യായ വകുപ്പിനെ ശക്തിപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ഭരണഘടനാ ദിനാചരണത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.
അഖിലേന്ത്യ സർവ്വീസിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യാൻ സന്നദ്ധതയുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻ സാധിക്കും. യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ കോടതികളിലേക്ക് കഴിവും പ്രാപ്തിയുമുള്ള ജഡ്ജിമാർ വരും. ഇവർ രാജ്യത്തിന്റെ നീതിന്യായ വകുപ്പിന്റെ ഭാഗമാകുന്നതോടെ എല്ലാ മേഖലയിലും കഴിവുള്ള ന്യായാധിപന്മാർ ഉണ്ടാകുമെന്നും രാഷ്‌ട്രപതി പറഞ്ഞു.
ഈ വർഷം ആദ്യം നിയമമന്ത്രിയായിരുന്ന കിരൺ റിജിജു പാർലമെന്റ് സമ്മേളനത്തിൽ നീതിന്യായ വകുപ്പിനെ ശക്തിപ്പെടുത്തുന്നതിന് അഖിലേന്ത്യാ ജുഡീഷ്യൽ സർവീസ് നിർണായകമാണെന്ന് പറഞ്ഞിരുന്നു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും മറ്റു വിഭാഗങ്ങളിലുള്ളവർക്കും ശരിയായ സംവരണം നൽകി കൊണ്ട് അഖിലേന്ത്യ തലത്തിൽ പരീക്ഷ നടത്തുന്നത് യോഗ്യതയുള്ളവരെ കണ്ടെത്താൻ സഹായിക്കും. ഇതിലൂടെ രാജ്യ നിയമവ്യവസ്ഥ കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആർട്ടിക്കിൾ 312-ൽ ജില്ലാ ജഡ്ജിയ്‌ക്കും അതിന് മുകളിലുള്ള തസ്തികകളിലെ നിയമനങ്ങൾക്കുമായി അഖിലേന്ത്യ സർവീസ് രൂപീകരിക്കാൻ ശുപാർശ ചെയ്യുന്നുണ്ട്. ഇതിനെ പറ്റിയുള്ള ചർച്ചകൾ പലതവണ കേന്ദ്രസർക്കാർ നടത്തിയിട്ടുണ്ട്. 2017-ൽ കേന്ദ്ര നിയമ മന്ത്രി, സഹമന്ത്രി, അറ്റോർണി ജനറൽ ഓഫ് ഇന്ത്യ, സോളിസിറ്റർ ജനറൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഇതേ പറ്റി ചർച്ച നടത്തിയിരുന്നു. 2017-ലെ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെയും 2021-ലെ ക്ഷേമത്തിനായുള്ള പാർലമെന്ററി കമ്മിറ്റിയുടെ യോഗത്തിൽ ഈ നിർദ്ദേശം മുന്നോട്ട് വന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ കണക്കിലെടുത്ത് അഖിലേന്ത്യ ജുഡീഷ്യൽ സർവീസ് രൂപികരീക്കുന്നത് നിർത്തി വയ്‌ക്കുകയായിരുന്നു.















