ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് മാർച്ച് 30-നകം പൂർത്തിയാകുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര. പശ്ചിമ ബംഗാളിലെ മാറ്റുവ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗ്ലാദേശിലെ മതപീഡനത്തിൽ നിന്ന് അഭയം തേടിയ ആളുകൾ അടങ്ങുന്ന സമൂഹമാണ് മറ്റുവ. ഇവരുടെ പൗരത്വ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. മറ്റുവ സമുദായത്തിന്റെ അവകാശങ്ങളെ തട്ടിയെടുക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് വർഷങ്ങളായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു. 2019-ൽ ബിൽ ഇരുസഭകളിലും പാസാക്കി. 2020-ൽ ഇന്ത്യയിലെ നിയമായി മാറി. ശേഷം നിയമം നടപ്പിലാക്കുന്നതിനായി ചട്ടം തയ്യാറാക്കേണ്ടതുണ്ട്. ലോക്സഭയ്‌ക്ക് 2024 ജനുവരി ഒൻപത് വരെയും രാജ്യസഭാ സമിതിക്ക് മാർച്ച് 30 വരെയും സമയപരിധിയുണ്ടെന്നും മിശ്ര പറഞ്ഞു.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മത പീഡനം നേരിട്ട് 2014 ഡിസംബർ 31-ന് മുൻപായി ഇന്ത്യയിലേക്ക് കുടിയേറിയിട്ടുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാർസി, ക്രിസ്ത്യൻ മത വിശ്വാസികളായിട്ടുള്ളവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമം.