അമരാവതി: തിരുമല തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ എട്ട് മണിക്കാണ് പ്രധാനമന്ത്രി ക്ഷേത്ര ദർശനം നടത്തിയത്. ക്ഷേത്രത്തിലെ പ്രത്യേക പൂജകളിലും അദ്ദേഹം പങ്കെടുത്തു. ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി തിരുപ്പതിയിലെത്തിയത്. ഇന്നലെ വൈകിട്ട് തിരുപ്പതിയിലെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണമാണ് ജനങ്ങളും ക്ഷേത്രദേവസ്വവും ചേർന്ന് നൽകിയത്.

140 കോടി ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിച്ചുവെന്ന് ക്ഷേത്ര ദർശനത്തിന് ശേഷം പ്രധാനമന്ത്രി എക്‌സിൽ കുറച്ചു. ദർശനം നടത്തുന്നതിന്റെയും പ്രത്യേക ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചിട്ടുണ്ട്.

ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഗസ്റ്റ് ഹൗസിലേക്ക് മടങ്ങും. തുടർന്ന് സെക്കന്തരാബാദിലേക്ക് യാത്ര തിരിക്കും. തിരുപ്പതി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി സ്വീകരിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുപ്പതി ജില്ലാ പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. അധിക സുരക്ഷാ സേനയെയും ക്ഷേത്ര പരിസരത്ത് വിന്യസിച്ചിരുന്നു.
















