ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. തൊഴിലാളികളെ പുറത്തെത്തിക്കാൻ സർവ്വമാർഗങ്ങളും പ്രയോഗിക്കുകയാണ് രക്ഷാദൗത്യ സംഘം. അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാക്കുഴൽ കടത്തിവിട്ടും മലമുകളിൽ നിന്ന് താഴേക്ക് കുഴിച്ചും തുരങ്കത്തിനുള്ളിലേക്ക് എത്തിപ്പെടാനാണ് ദൗത്യസംഘത്തിന്റെ ശ്രമം. ഇതിനിടെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് തങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ ലാൻഡ് ലൈൻ സൗകര്യം ഒരുക്കിയിരിക്കുകയാണ് ബിഎസ്എൻഎൽ.
കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണം എത്തിക്കാൻ സ്ഥാപിച്ചിരിക്കുന്ന കുഴൽ വഴി ലാൻഡ്‌ലൈൻ കണക്ഷനുള്ള ഫോൺ കൈമാറി. ഇൻകംമിങ്, ഔട്ട്‌ഗോയിങ് കോളുകൾ ഇതിലൂടെ സാധ്യമാകും. തൊഴിലാളികൾക്ക് അവരുടെ കുടുംബങ്ങളുമായി ഇതിലൂടെ സംസാരിക്കാമെന്നും ബിഎസ്എൻഎൽ ഡിജിഎം രാകേഷ് ചൗധരി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
200 മീറ്റർ നീളത്തിലാണ് ഇതിനുവേണ്ട ലൈൻ കണക്ഷൻ എടുത്തിരിക്കുന്നത്. ആശയവിനിമയം നടത്തുന്നതിനിടെ ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ നേരിട്ടാൽ അതിവേഗം പരിഹരിക്കുന്നതിനായി തുരങ്കത്തിന് പുറത്ത് ബിഎസ്എൻഎൽ സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്.
41 പേരാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഇവർക്ക് അരികിലേക്ക് ആറ് ഇഞ്ച് വീതിയുള്ള പൈപ്പ് കടത്തിവിട്ടിട്ടുണ്ട്. കൂടാതെ ഒരു എൻഡോസ്‌കോപിക് ക്യാമറയും തൊഴിലാളികളുടെ പക്കലേക്ക് എത്തിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരുടെ ആരോഗ്യനില മനസിലാക്കാൻ ഇതുവഴി ദൗത്യസംഘത്തിന് സാധിക്കുന്നു.















