ക്വാലാലംപൂർ: നിരവധി രാജ്യങ്ങളാണ് ഇപ്പോൾ വിസ ഇല്ലാതെയും വിനോദസഞ്ചാരികൾക്ക് പ്രവേശനം നൽകുന്നത്. ഡിസംബർ ഒന്ന് മുതൽ മലേഷ്യയും അത്തരത്തിലൊരു മാറ്റത്തിന് ഒരുങ്ങുകയാണ്. 30 ദിവസത്തെ മലേഷ്യൻ സന്ദർശനത്തിന് എത്തുന്ന ഇന്ത്യൻ പൗരൻമാർക്ക് വിസ ഇല്ലാതെയും രാജ്യത്ത് പ്രവേശിക്കുന്നതിന് അനുമതി നൽകി. പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഈ മാറ്റത്തിന്റ കാലാവധി എത്ര ദിവസത്തേക്കാണെന്ന് അദ്ദേഹം അറിയിച്ചിട്ടില്ല.
മലേഷ്യൻ സർക്കാരിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം 9.16 ദശലക്ഷം വിനോദസഞ്ചാരികളാണ് രാജ്യത്ത് എത്തിയത്. ഇതിൽ 283,885 ആളുകളും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യയെ കൂടാതെ ചൈനീസ് പൗരൻമാർക്കും വിസ രഹിത പ്രവേശനത്തിന് മലേഷ്യ അനുമതി നൽകിയിട്ടുണ്ട്. മലേഷ്യയുടെ വിനോദ സഞ്ചാര മേഖലകൾ കൂടുതൽ വികസിപ്പിക്കുന്നതിനും, വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും വേണ്ടിയാണ് സർക്കാരിന്റെ ഈ നീക്കം. രാജ്യത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നത് ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമാണ്.