ചെന്നൈ: സിനിമാ താരങ്ങളായ തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവർക്കെതിരെ മാനനഷ്ടക്കേസ് നൽകാനൊരുങ്ങി മൻസൂർ അലിഖാൻ. ഒരു വീഡിയോയുടെ പേരിൽ മൂവരും ചേർന്ന് തന്റെ സമാധാനം കെടുത്തി എന്നാരോപിച്ചാണ് കേസ് നൽകാൻ ഒരുങ്ങുന്നത്. ഗൂഢാലോചന നടക്കുന്നതായും എഡിറ്റ് ചെയ്ത വീഡിയോയാണ് തനിക്കെതിരെ പ്രചരിപ്പിക്കുന്നതെന്നും മൻസൂർ ആരോപിക്കുന്നു.
തൃഷയ്‌ക്കെതിരായ അശ്ലീല പരാമർശ വിഷയത്തിൽ മൻസൂർ അലിഖാനെതിരെ ചിരഞ്ജീവി രംഗത്തുവന്നിരുന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധാ കേസെടുക്കാൻ കമ്മീഷൻ അംഗം കൂടിയായ ഖുശ്ബുവും ഇടപെട്ടു. ഇതിനെതിരെയാണ് ഇപ്പോൾ മൻസൂർ അലിഖാൻ രംഗത്തുവന്നിരിക്കുന്നത്. മൂവരും ചേർന്ന് തന്റെ സമാധാനം കെടുത്തി എന്നാണ് നടന്റെ ആരോപണം.
തൃഷയ്‌ക്കെതിരായ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ നടൻ മൻസൂർ അലിഖാൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ചെന്നൈ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
വിജയ് നായകനായി എത്തിയ ‘ലിയോ’ എന്ന സിനിമയിലാണ് മൻസൂർ അലി ഖാനും നടി തൃഷയും ഒരുമിച്ചെത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട് താരം തമിഴ് മാദ്ധ്യമത്തിന് ഒരു അഭിമുഖം നൽകിയിരുന്നു. ഈ അഭിമുഖത്തിലാണ് നടൻ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയാണ് നായിക എന്നറിഞ്ഞപ്പോൾ കിടപ്പറ രംഗമുണ്ടാകുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നായിരുന്നു മൻസൂർ അലി ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.