എറണാകുളം: നവകേരള സദസിൽ സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിഇയുടെ ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്തരത്തിലുള്ള ഉത്തരവ് കുട്ടികളുടെ അന്തസ്സിനെ താഴ്‌ത്തിക്കെട്ടുന്നതാണെന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.
കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും മലപ്പുറം ഡിഡിഇയുടെ ഉത്തരവ് ആശ്ചര്യകരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള ഉത്തരവുകൾ ഇറക്കിക്കൊണ്ട് ഉദ്യോഗസ്ഥർ ആരെയാണ് സന്തോഷിപ്പിക്കുന്നത്. മലപ്പുറം ഡിഡിഇ ഇങ്ങനെയൊരു ഉത്തരവിറക്കിയതിന്റെ സാഹചര്യം പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവിനെതിരായ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചതായി ഹൈക്കോടതി അറിയിച്ചു. സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന ഉത്തരവിനെതിരായ ഹർജി നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചു.















