ആലപ്പുഴ: ഇരു മുന്നണികളും എസ്എൻഡിപിയെ അവഗണിച്ചതായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ ഉൾപ്പെടെ സമുദായത്തോട് ഇരു മുന്നണികളും അവഗണന കാട്ടിയതായും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല സമുദായങ്ങളും വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കൊയ്തു. എന്നാൽ ഈഴവ സമുദായത്തെ എൽഡിഎഫും യുഡിഎഫും അവഗണിച്ചു. അവകാശങ്ങൾ ലഭിക്കാൻ മതംമാറണോ. മലപ്പുറത്ത് ഒരു സ്‌കൂളോ കോളേജോ സമുദായത്തിന് നൽകിയിട്ടില്ല. മലപ്പുറം ഹിന്ദുക്കൾക്ക് ബാലികേറാ മലയല്ല. മലപ്പുറത്തും ഈഴവ സമുദായത്തിൽപ്പെട്ടവർ ഉണ്ടെന്നും എന്നാൽ സമുദായത്തെ അവഗണിക്കുന്ന നിലപാടാണ് ഇരു മുന്നണികളും ഇതുവരെ സ്വീകരിച്ചതെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി പറഞ്ഞു.
കോൺഗ്രസിനെയും വെള്ളാപ്പള്ളി നടേശൻ കടന്നാക്രമിച്ചു. മാടമ്പി സ്വഭാവമാണ് വി.ഡി. സതീശനുള്ളതെന്നും കോൺഗ്രസിലെ മറ്റു നേതാക്കൾ അപ്രസക്തരാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അദ്ധ്യക്ഷനുപോലും വേണ്ട വിധത്തിൽ പരിഗണന ലഭിക്കുന്നില്ല. യുഡിഎഫ് കൺവീനർ എം.എം. ഹസന്റെ പേര് പോലും കേൾക്കാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ സിപിഎമ്മിനെയും എസ്എൻഡിപി ജനറൽ സെക്രട്ടറി വിമർശിച്ചിരുന്നു. ഒരു വിഭാഗത്തെ മാത്രം ഒപ്പംകൂട്ടി മുന്നോട്ട് പോകുന്ന രീതി ശരിയല്ലെന്നും പണ്ടുമുതൽക്കെ പാർട്ടിക്കൊപ്പം നിൽക്കുന്ന വിഭാഗങ്ങളെ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.















