കൊച്ചി: സമൂഹമാദ്ധ്യമങ്ങൾ വഴി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. ബെംഗളൂരു വിദ്യാർണാപുര സ്വാഗത് ലേഔട്ടിൽ മനോജ് ശ്രീനിവാസനെയാണ് (33) അറസ്റ്റ് ചെയ്തത്. ചൈന കേന്ദ്രമായി പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘത്തിന്റെ ഒരു കണ്ണിമാത്രമാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.
250 കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയിട്ടുള്ളത്. കൊച്ചി പറവൂർ സ്വദേശികളിൽ നിന്നുമായി 18 ലക്ഷത്തോളം രൂപയും ഇയാൾ തട്ടിയെടുത്തു. എറണാകുളം റൂറൽ ജില്ലാ പോലീസ് മോധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ സൈബർ പോലീസാണ് അന്വേഷണം നടത്തിയത്.
യുട്യൂബ് ലൈക്ക് ചെയ്യുന്നത് വഴി വരുമാനം എന്ന രീതിയിലാണ് സംഘം തട്ടിപ്പ് നടത്തുന്നത്. 1000 രൂപ നിക്ഷേപിച്ചാൽ 1250 രൂപ വരുമാനം നൽകാമെന്നായിരുന്നു തട്ടിപ്പിനിരയായവർക്ക് നൽകിയ വാഗ്ദാനം. ആദ്യം വിശ്വാസം ഉണ്ടാക്കിയെടുക്കുന്നതിനായി ലാഭം, പ്രതിഫലം എന്ന് പറഞ്ഞ് കുറഞ്ഞ തുകകൾ ഇവർ ആളുകൾക്ക് നൽകിയിരുന്നു. പിന്നീട് മറ്റ് കാരണങ്ങൾ പറഞ്ഞ് വലിയ തുകകൾ നിക്ഷേപിക്കാൻ പറയും. ഇതിന്റെ ലാഭം തിരികെ ലഭിക്കുന്നതിനായി ജി.എസ്.ടി, ടാക്സുകൾ എന്നിങ്ങനെ പറഞ്ഞ് കൂടുതൽ തുക വാങ്ങി തട്ടിപ്പ് നടത്തുന്നതാണ് രീതി.
ടെലഗ്രാം വഴിയാണ് യൂട്യൂബ് ലിങ്ക് നൽകുന്നത്. അതിന് ശേഷം ഇവരെ കൊണ്ട് കറന്റ് അക്കൗണ്ട് എടുപ്പിക്കും. ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മനോജും സംഘവുമാണ്. ഈ അക്കൗണ്ടിലേക്കാണ് ആളുകൾ പണം നിക്ഷേപിക്കുന്നത്. ഇത്തരത്തിൽ നിരവധി ആളുകളെയാണ് ഇവർ തട്ടിപ്പിനിരയാക്കിയത്. ഈ അക്കൗണ്ടുകൾ വഴി ലഭിക്കുന്ന പണം ചൈനയിലെ സംഘം ക്രിപ്‌റ്റോ കറൻസിയാക്കി മാറ്റുകയാണ് ചെയ്യാറ്.















