ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളയാൾ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കരിംനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹത്തിന്റെ ഉറപ്പ്. അയോദ്ധ്യ രാമക്ഷേത്രത്തിലേക്ക് പോകുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഉയർച്ചയിലേക്ക് നയിക്കുകയാണ്. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളയാളെ നേതാവാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. അതിനായാണ് ബിജെപിയുടെ ശ്രമമെന്നും അമിത് ഷാ പറഞ്ഞു.
ഒവൈസിയെ ഭയന്നാണ് കെസിആർ മുസ്ലീങ്ങൾക്ക് സംവരണം നൽകുന്നത്. ബിജെപി അധികാരത്തിൽ എത്തിയാൽ മുസ്ലീം വിഭാഗത്തിനുള്ള 4% സംവരണം റദ്ദാക്കും. മതാടിസ്ഥാനത്തിലുള്ള സംവരണം ഇല്ലാതാക്കും. ഒബിസി, എസ്.സി എന്നിവർക്കുള്ള സംവരണം വർദ്ധിപ്പിക്കും. കോൺഗ്രസും ബിആർഎസും തമ്മിൽ ഒരു അവിശുദ്ധ ധാരണയുണ്ട്. കോൺഗ്രസ് കെസിആറിനെ മുഖ്യമന്ത്രിയാക്കുമെന്നും പകരം ബിആർഎസ് രാഹുലിനെ പ്രധാനമന്ത്രിയാക്കുമെന്നുമാണ് ധാരണയെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
ബിആർഎസിന്റെ ന്യൂനപക്ഷ പ്രീണനത്തിൽ അതിശക്തമായ എതിർപ്പാണ് സംസ്ഥാനത്തുള്ളത്. മുസ്ലീങ്ങൾക്ക് മാത്രമായി സർവകലാശാല സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ കെസിആർ പറഞ്ഞിരുന്നു. നവംബർ അഞ്ചിനാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുടെ ഫല പ്രഖ്യാപനവും അന്നുതന്നെയാണ്.















