തൃശൂർ: പുഴുവരിച്ച നിലയിൽ ജീവിതം തള്ളിനീക്കി വനവാസി വയോധിക. തൃശൂർ അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരിലാണ് വയോധിക പുഴുവരിച്ച നിലയിൽ ക്രൂരത അനുഭവിക്കുന്നത്. വീരൻകുടി ഊരിലെ കമലമ്മ പാട്ടിയാണ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിൽ ജീവിക്കുന്നത്.
പ്രധാന പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് വീരൻകുടി വനമേഖല. കാൽനടയായി മാത്രമാണ് ഈ പ്രദേശത്തുള്ളവർക്ക് റോഡിലേക്ക് കടക്കാൻ സാധിക്കുന്നത്. ഈ ബുദ്ധിമുട്ട് കാരണം വയോധികയെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയാറായതുമില്ല.
ഏഴ് കുടുംബങ്ങൾ മാത്രമാണ് വീരൻകുടി ഊരിൽ താമസിക്കുന്നത്. ഊരിലെത്തി ചികിത്സ നൽകണമെന്ന് ട്രൈബൽ ഡിപ്പാർട്ട്‌മെന്റിനോടും ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. അവശനിലയിലായ വയോധികയുടെ മുറിവിൽ ഇതിനിടെ പുഴുവരിക്കുകയായിരുന്നു. അടിയന്തര ഇടപെടൽ വേണമെന്ന് പരിസരവാസികൾ പറഞ്ഞു.















