വയനാട്: ഒക്ടോബർ ഡിസംബർ മാസങ്ങൾ പൊതുവേ പാമ്പുകൾ ഇണചേരുന്ന സമയമായതിനാൽ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പ്. അണലി, മൂർഖൻ, ശംഖുവരയൻ, രാജവെമ്പാല തുടങ്ങിയ വിഷപ്പാമ്പുകളുടെയെല്ലാം ഇണചേരൽ കാലമാണിത്. കൂടാതെ ഉഗ്രവിഷമുള്ള അണലികൾ പൊതുവെ ഈ സമയത്ത് പകലും പുറത്തിറങ്ങാൻ സാധ്യതയുള്ളതിനാലുമാണ് ജാഗ്രത നിർദ്ദേശങ്ങൾ.
ഇണചേരൽ കാലമായതിനാൽ പാമ്പുകൾക്ക് പൊതുവെ അക്രമ സ്വഭാവം കൂടുതലായിരിക്കും. പെൺപാമ്പുകളുടെ ഫിറോമോണുകളിൽ ആകൃഷ്ടരായി ആൺപാമ്പുകൾ അവയെ തേടിയിറങ്ങും. വീടുകളുടെ മതിലിലും പറമ്പിലും കാണാറുള്ള പൊത്തുകളിലും മാളങ്ങളിലും ഒളിച്ചിരിക്കുന്ന പാമ്പുകളെ തേടി ആൺപാമ്പുകൾ എത്തും. കൂടാതെ ഒരു പാമ്പിനെ കാണുന്ന സ്ഥലങ്ങളിൽ ഒന്നിലധികം പാമ്പുകളെ കാണാനും സാധ്യതയുണ്ട്. രാജവെമ്പാലകൾ ഒരു വനപ്രദേശത്ത് നിന്ന് ഇണയെ തേടി മറ്റൊരു വനപ്രദേശത്തേക്കുള്ള സഞ്ചാരവും ഈ സമയത്താണ് നടക്കുക. ഒരു ദിവസം രാജവെമ്പാല 12 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കും.
പൊതുജനങ്ങൾ പ്രധാനമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വീടിന്റെയും മറ്റു കെട്ടിടങ്ങളുടെയും ഉൾഭാഗങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പരിസരത്തുള്ള ചവറുകൾ പരമാവധി കത്തിച്ചുകളയുക. കെട്ടിടങ്ങങ്ങളോടും മതിലുകളോടും ചേർന്നുവരുന്ന ഭാഗങ്ങളിൽ ഇഷ്ടിക, വിറക്, കല്ലുകൾ, പാഴ്വസ്തുക്കൾ എന്നിവ അലക്ഷ്യമായി കൂട്ടിയിടാതിരിക്കുക. പാചകത്തിന് ആവശ്യമുള്ള വിറകും മറ്റും വെളിച്ചമുള്ള സമയത്ത് ആവശ്യാനുസരണം മാത്രം എടുത്ത് ഉപയോഗിക്കുക. കെട്ടിടങ്ങൾക്ക് മുകളിലായി വളർന്ന് കിടക്കുന്ന വൃക്ഷങ്ങൾ പരമാവധി വെട്ടിക്കളയുക.
വീടിന് മുകളിലേയ്‌ക്ക് പടർത്തിയ വള്ളിച്ചെടികൾ ഉണ്ടെങ്കിൽ വെട്ടിമാറ്റുക. ജനൽ, എയർഹോൾ എന്നിവ പരമാവധി ചെറിയ നെറ്റുകൾ ഉപയോഗിച്ച് മൂടൂക. ഡ്രെയ്നേജ് പൈപ്പുകൾ മൂടി സംരക്ഷിക്കണം കാരണം തുറന്ന പൈപ്പുകളിലൂടെ പാമ്പുകൾ പ്രവേശിക്കാൻ സാധ്യതയുണ്ട്. കെട്ടിടത്തിന്റെ മുൻ, പിൻ വാതിലുകളുടെ താഴെ വിടവില്ലാത്ത തരത്തിലുള്ള പാളിവരാതെ സൂക്ഷിക്കണം. ഉറങ്ങുന്നതിന് മുൻപ് ചെറുതായൊന്ന് പരിശോധന നടത്തുന്നത് നല്ലതാണ്. വീടിനുപുറത്ത് വെയ്‌ക്കറുള്ള ഷൂ, ഹെൽമറ്റ് എന്നിവ ധരിക്കുമ്പോൾ സൂക്ഷിക്കുക. വീട്ടിലെ ചെടിച്ചട്ടികൾ വരെ കൃത്യമായി പരിശോധിക്കുക.