വർഷങ്ങൾ കാത്തിരുന്നിട്ടും ഇതുവരെയും റിലീസ് ചെയ്യാൻ കഴിയാത്ത ഗൗതം മേനോൻ ചിത്രമാണ് ധ്രുവനച്ചത്തിരം. ഏഴു വർഷത്തോളമായി ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്. അവസാനമായി ചിത്രത്തിന്റെ പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി നവംബർ 24 ആയിരുന്നു. എന്നാൽ, അന്നും ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി വെക്കുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാൽ റിലീസ് തീയതി മാറ്റിവെക്കുകയാണെന്നാണ് അന്ന് ഗൗതം മേനോൻ അറിയിച്ചത്.
ദിവസങ്ങൾക്ക് ശേഷം ധ്രുവനച്ചത്തിരത്തിന്റെ പുതിയ റിലീസ് ഡേറ്റ് അണിയറക്കാർ തീരുമാനിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചിത്രം ഡിസംബര്‍ 8 ന് എത്തുമെന്നാണ് പ്രമുഖ ട്രാക്കര്‍മാര്‍ എക്സിലൂടെ അറിയിച്ചിരിക്കുന്നത്. കേരളത്തിലെ തിയറ്ററുകള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് ട്രാക്കര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിന് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
വിക്രം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വിനായകനാണ് പ്രതിനായകൻ. 2016-ൽ ആണ് ചിത്രീകരണം ആരംഭിക്കുന്നത്. സാമ്പത്തിക പ്രശ്നം മൂലം 2018 മുതൽ ചിത്രത്തിന്റെ ജോലികൾ നിറുത്തിവച്ചിരുന്നു. പിന്നീട് തുടങ്ങുകയും ചെയ്തു. ഐശ്വര്യ രാജേഷ്, സിമ്രാൻ, പാർത്ഥിപൻ, ദിവ്യദർശിനി, മുന്ന തുടങ്ങിയവരും പ്രധാന താരങ്ങളാണ്. ധ്രുവനച്ചത്തിരത്തിന് ഇതുവരെയും യാതൊരു തരത്തിലുള്ള പ്രമോഷൻ പരിപാടികളും നടത്തിയിട്ടില്ല. പ്രമോഷൻ എന്ന തരത്തിൽ ആകെ ഗൗതം മേനോൻ നൽകിയ ഒരു അഭിമുഖം മാത്രമായിരുന്നു.