കൊച്ചി: കുസാറ്റ് സർവ്വകലാശാലയുടെ താത്ക്കാലിക വൈസ് ചാൻസലർ (വി.സി) ഡോ. പി.ജി. ശങ്കരനെ അടിയന്തരമായി പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് കുസാറ്റ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകിയത്.
വിസിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് ഗവർണർക്ക് നിവേദനം നൽകിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ പരിപാടികൾ യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിൽ സംഘടിപ്പിക്കുന്നതിനുള്ള ഹൈക്കോടതി നിർദ്ദേശങ്ങളടങ്ങിയ ഉത്തരവ് നടപ്പാക്കുന്നതിൽ വിസി അനാസ്ഥ കാട്ടിയെന്ന് ആരോപിച്ചാണ് നിവേദനം. കുസാറ്റ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും നിവേദനത്തിൽ പറയുന്നു.
തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിൽ 2015 ൽ ക്യാമ്പസ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹനറാലിക്കിടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരണപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതി ക്യാമ്പസുകളിലെ പരിപാടികൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഈ നിർദ്ദേശങ്ങൾ കുസാറ്റിൽ ലംഘിച്ചെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതി നിർദ്ദേശം പാലിച്ചിരുന്നെങ്കിൽ കുസാറ്റിലെ ദുരന്തം ഒഴിവാക്കാമായിരുന്നു. പരിപാടിയുടെ നടത്തിപ്പിന് അദ്ധ്യാപകരുടെ സാന്നിദ്ധ്യം ഉണ്ടാകണമെന്നും രക്ഷാച്ചുമതലയ്‌ക്ക് പോലീസിന്റെയും വിരമിച്ച സൈനികരുടെയും സേവനം ഉപയോഗിക്കണമെന്നുമുള്ള വ്യവസ്ഥകൾ പാലിക്കാൻ വൈസ് ചാൻസലർ തയ്യാറായില്ലെന്നും നിവേദനത്തിൽ പറയുന്നു.
വിദ്യാർത്ഥികളുടെ പരിപാടികൾ ഏകോപിപ്പിക്കാൻ ചുമതലപ്പെട്ട യൂത്ത് വെൽഫയർ ഡയറക്ടർ പി.കെ. ബേബിയെയാണ് അപകടകാരണം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് പൊതുസമൂഹത്തെ അപഹസിക്കുന്നതിന് തുല്യമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ചുമതലയിലിരിക്കെ ഗുരുതരമായ അനാസ്ഥ കാട്ടിയ വിസിയുടെ ചുമതല വഹിക്കുന്ന ഡോ. പിജി ശങ്കരനെ മാറ്റണമെന്നും അപകടത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും മരണപ്പെട്ടവർക്കും അപകടത്തിൽപ്പെട്ടവർക്കും സാമ്പത്തിക സഹായം നൽകാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.















