ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ യോഗ്യക്കാർത്ത നഗരം ബഹുസ്വരതയുടെ ശ്രദ്ധേയമായ ഉദാഹരണമാണ്. വ്യത്യസ്ത സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും ആരാധനാലയങ്ങൾ ഒരുമിച്ച് നിലനിൽക്കുന്ന പുണ്യഭൂമിയാണിത്. അതിനാൽ തന്നെ ധാരാളം വിനോദസഞ്ചാരികൾ ഇങ്ങോട്ട് ഒഴുകിയെത്താറുണ്ട്.
ഹിന്ദു മതത്തിനും സനാതന സംസ്കാരത്തിനും ഇന്ത്യോനേഷ്യയിൽ ആഴത്തിൽ വേരോട്ടമുണ്ട്. ഭാരതത്തിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്തോനേഷ്യയിൽ എത്തിയ ഹിന്ദുക്കൾ നിരവധി ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും അവിടെ ആരംഭിച്ചു. ഇതിൽ പ്രധാനമാണ് ഭൂകമ്പത്തിൽ പൂർണ്ണമായി തകർന്ന 240 ക്ഷേത്രങ്ങളുടെ സമുച്ചയമായ യോഗ്യക്കാർത്തയിലെ പ്രംബനൻ ക്ഷേത്രം. ഈ പുണ്യഭൂമിയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളിടെ ഭാഗമായി ഇതുവരെ 22 ക്ഷേത്രങ്ങളാണ് പുനഃസ്ഥാപിച്ചത്. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുന്നതിനാൽ യുനെസ്‌കോയുടെ മാനദണ്ഡങ്ങൾക്കനുസൃതമായാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. 25 ശതമാനത്തിലധികം പുതിയ കല്ലുകൾ പുനരുദ്ധാരണത്തിന് ഉപയോഗിക്കാൻ മാനദണ്ഡങ്ങൾ അനുവദിക്കാത്തതിനാലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയമെടുക്കുന്നതെന്ന് വിദഗ്ധർ പറഞ്ഞു.
ഭൂകമ്പത്തിൽ തകർന്നു പോയെങ്കിലും സമുച്ചയത്തിലെ ശിവക്ഷേത്രത്തിന് പുറത്ത് എല്ലാ ദിവസവും പതിവ് പൂജകൾ അർപ്പിക്കുന്നതായി ക്ഷേത്രം പൂജാരി വാർത്ത ഏജൻസിയോട് പറഞ്ഞു, “ഞാൻ ദിവസവും മൂന്ന് തവണ ഈ പൂജ നടത്തുന്നു. രാവിലെ 8 മണിക്ക്, തുടർന്ന് ഉച്ചയ്‌ക്ക് 12 മണിക്ക്, തുടർന്ന് വൈകുന്നേരം 4 മണിക്ക്…രാവിലെ ഇത് ‘സൂര്യ പൂജ’യാണ്, രണ്ടാമത്തേത് ‘റെയ്‌ന പൂജ’, മൂന്നാമത്തേത് സൂര്യാസ്തമയ സമയത്താണ്.
ക്ഷേത്ര സമൂച്ചത്തിന്റെ ഉൾപ്പെടുന്ന “പർമ്മാനന്ദ ക്ഷേത്രം 9-ആം നൂറ്റാണ്ടിലാണ് നിർമ്മിച്ചതെന്ന് പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടൂറിസ്റ്റ് ഗൈഡ് പറഞ്ഞു . ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും കാരണം ഭൂരിഭാഗവും നശിച്ചു. ഇതുവരെ 22 ക്ഷേത്രങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. ചിത്രങ്ങളില്ലാത്തതിനാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ബുദ്ധിമുട്ടായിരുന്നു, അവശേഷിപ്പുകളിൽ നിന്നും ലഭിക്കുന്ന ഓരോ കല്ലും അത്രയേറെ പരിശോധനകൾ നടത്തിയ ശേഷമാണ് യോജിപ്പിക്കുന്നത്. ഇന്ത്യയും ഇന്തോനേഷ്യയും ശക്തമായ ബന്ധം ഊട്ടി ഉറപ്പിക്കുന്നതാണ് ഈ ക്ഷേത്രം. ഇന്ത്യയിൽ നിന്നും നിരവധി ഹിന്ദുക്കൾ ഇവിടെ വരാറുണ്ടെന്നും ടൂറിസ്റ്റ് ഗൈഡ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമായി കണക്കാക്കപ്പെടുന്ന പ്രശസ്തമായ ബോറോബുദൂർ ബുദ്ധക്ഷേത്രം യോഗ്യകാർത്ത നഗരത്തിലുണ്ട്. ആറ് വ്യത്യസ്ത സ്ഥാനങ്ങളിലായി സ്ഥാപിച്ച 500 ബുദ്ധ പ്രതിമകളാണ് ഇവിടത്തെ പ്രധാന ആകർഷണം. ബോറോബുദൂർ ബുദ്ധക്ഷേത്രത്തിന് ഏകദേശം 1200 വർഷം പഴക്കമുള്ളതായാണ് ചരിത്ര രേഖകൾ വ്യക്താമാക്കുന്നത്.