ഉത്തരകാശി: കുടുങ്ങിക്കിടക്കുന്ന 41 പേരെയും പുറത്തെത്തിക്കാൻ ഈ രാത്രി മുഴുവൻ ആവശ്യമായി വന്നേക്കുമെന്ന് എൻഡിഎംഎ അംഗമായ ലെഫ്. ജനറൽ സൈദ് ഹസ്‌നെയ്ൻ വ്യക്താക്കി. കുടുങ്ങിക്കിടക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം രക്ഷാപ്രവർത്തകരുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തിക്കൊണ്ടാണ് ദൗത്യം പുരോഗമിക്കുന്നത്. 58 മീറ്റർ ദൂരം കുഴിച്ച് എത്തിക്കഴിഞ്ഞു. ദൗത്യം നിർണ്ണായക ഘട്ടത്തിലാണ്. യാതൊരു തരത്തിലുള്ള ധൃതിയും സ്വീകരിക്കുന്നില്ല. അത് ചിലപ്പോൾ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഋഷികേശിലെ എയിംസ് എയർസ്ട്രിപ്പിൽ ചിനൂക് ഹെലികോപ്റ്റർ സജ്ജമാണ്. പക്ഷെ 4.30ന് ശേഷം പറക്കൽ സുരക്ഷിതമല്ല. രാത്രിസമയം ഹെലികോപ്റ്റർ യാത്ര അപകടമാണ്. അതിനാൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിച്ചാൽ നാളെ രാവിലെയോടെയാകും എയിംസിലേക്ക് കൊണ്ടുപോവുക. ഈ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ടണലിനുള്ളിൽ തന്നെ താത്കാലിക മെഡിക്കൽ സംവിധാനം തയ്യാറാക്കിയത്.
ദുരന്തമുഖത്ത് പത്ത് ബെഡ്ഡുകൾ സജ്ജമാണ്. ജില്ലാ ആശുപത്രിയിൽ 30 ബെഡ്ഡുകൾ തയ്യാറാക്കിയിട്ടുണ്ട്. ചിനൂക് ഹെലികോപ്റ്ററിൽ രാത്രി യാത്ര സാധ്യമാണെങ്കിലും കാലാവസ്ഥ അനുയോജ്യമല്ലെങ്കിൽ അപകടമാണ്. അതിനാൽ അടിയന്തര ഘട്ടത്തിലുള്ളവരെ ഋഷികേശിലുള്ള ആശുപത്രിയിലേക്ക് ആംബുലൻസിലാണ് എത്തിക്കുക. ആരോഗ്യനില തൃപ്തികരമായവരെ അവിടെ തന്നെ പരിചരിക്കും.
ഋഷികേശിലെ എയിംസിൽ 41 ബെഡ് അടങ്ങിയ വാർഡ് സജ്ജമാക്കിയിട്ടുണ്ട്. കാർഡിയാക്, സൈക്യാട്രിക് വിദഗ്ധർ സുസജ്ജരാണ്. ട്രോമ സർജനും അവരുടെ കൂടെയുണ്ട്. മൂന്ന് ഹെലികോപ്റ്ററുകൾക്ക് ഒരേസമയം എയിംസ് ഹെലിപാഡിൽ ലാൻഡ് ചെയ്യാൻ സാധിക്കും. അതിഗുരുതര അവസ്ഥയിലുള്ളവരെയാണ് എയിംസിലേക്ക് വ്യോമമാർഗം എത്തിക്കുക.
കുടുങ്ങിക്കിടക്കുന്ന ഒരാളെ പുറത്തെത്തിക്കാൻ മൂന്ന് മുതൽ അഞ്ച് മിനിറ്റ് വരെ ദൈർഘ്യമെടുക്കും. അതിനാൽ പുറത്തെത്തിക്കൽ പ്രക്രിയ പൂർത്തിയാകാൻ 3-4 മണിക്കൂറുകൾ ആഴശ്യമാണ്. എൻഡിആർഎഫിന്റെ മൂന്ന് സംഘങ്ങളാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുക. എസ്ഡിആർഎഫും പിന്തുണയ്‌ക്കും. ഇതിനിടെ പാരാമെഡിക്‌സും ടണലിനകത്തേക്ക് പ്രവേശിക്കുമെന്ന് ലെഫ്. ജനറൽ സൈദ് ഹസ്‌നെയ്ൻ അറിയിച്ചു.