ന്യൂഡല്‍ഹി : ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികൾ രക്ഷപെട്ട് പുറത്തെത്തുമ്പോൾ രാജ്യം നന്ദി പറയേണ്ട ഒരാളുണ്ട് , പ്രൊഫ അര്‍നോള്‍ഡ് ഡിക്‌സ് . വിദേശത്ത് നിന്നാണ് ഈ രക്ഷാപ്രവര്‍ത്തനത്തിനായി അദ്ദേഹം ഇന്ത്യയിലെത്തിയത് . ഇന്ത്യയില്‍ അദ്ദേഹത്തിന്റെ വലിയ ശ്രമങ്ങളിലൊന്നാണിത്. ഇന്ന് രക്ഷാപ്രവർത്തനം സുഗമമായി നടക്കാൻ തുരങ്കത്തിന് മുന്നിലെ ക്ഷേത്രത്തിൽ ഇരുന്ന് പ്രാർത്ഥിക്കുന്ന അർനോൾഡ് ഡിക്സിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
തുരങ്കത്തിന് പുറത്ത് ഒരു ചെറിയ താൽക്കാലിക ക്ഷേത്രമുണ്ട്. അവിടെ, ഡിക്സ് പുരോഹിതനോടൊപ്പം ആരാധനയിൽ ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും തരംഗമായി . ഡിക്‌സിന്റെ മേൽനോട്ടത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ച ദിവസവും അദ്ദേഹം ഈ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചിരുന്നു .
ജനീവ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്റെ തലവനാണ് അര്‍നോള്‍ഡ് ഡിക്‌സ് . ടണല്‍ സേഫ്റ്റി ആന്‍ഡ് ഡിസാസ്റ്റര്‍ ഇന്‍വെസ്റ്റിഗേഷന്‍ വിദഗ്ധനാണ് അദ്ദേഹം . ഭൂഗർഭ നിർമ്മാണവുമായി ബന്ധപ്പെട്ട നിയമപരവും പാരിസ്ഥിതികവും രാഷ്‌ട്രീയവും ധാർമ്മികവുമായ അപകടസാധ്യതകൾ ഏറ്റെടുക്കുന്നതിൽ ഡിക്സ് വിദഗ്ധനാണ് അദ്ദേഹം. ഭൂഗർഭ തുരങ്കനിർമ്മാണത്തിൽ ലോകത്തെ മുൻനിര വിദഗ്ധനായി അദ്ദേഹം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്
ലോകത്ത് തന്നെ അദ്ദേഹത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഒരുപാട് സ്ഥലങ്ങളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം നേതൃത്വം നല്‍കാറുള്ളത്. ഓരോ തുരങ്ക നിര്‍മാണ സമയത്തും, അതിന്റെ സാങ്കേതിക വിവരങ്ങളെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കുകയും, ഓരോ പദ്ധതികളെ കുറിച്ചും അങ്ങേയറ്റം സൂക്ഷമതയോടെ പരിശോധിക്കുകയും ചെയ്യുന്നതാണ് ഡിക്‌സിന്റെ രീതി.
2011-ൽ പ്രൊഫസർ ഡിക്‌സിന് അലൻ നെയ്‌ലാൻഡ് ഓസ്‌ട്രലേഷ്യൻ ടണലിംഗ് സൊസൈറ്റി അവാർഡ് നൽകി ആദരിച്ചിരുന്നു.2022-ൽ, അമേരിക്കയിലെ നാഷണൽ ഫയർ പ്രൊട്ടക്ഷൻ അസോസിയേഷൻ അവാർഡും അദ്ദേഹത്തിന് ലഭിച്ചു.















