17 ദിനരാത്രങ്ങൾ.. 400-ലധികം മണിക്കൂറുകൾ.. ദൗത്യസംഘത്തിന്റെ വിശ്രമമില്ലാത്ത പ്രയത്‌നം.. ക്ഷമയെ ചോദ്യം ചെയ്യുന്ന കാത്തിരിപ്പ്, രാവെന്നോ പകലെന്നോ ഇല്ലാതെയുള്ള പരിശ്രമങ്ങൾ, ദശലക്ഷക്കണക്കിന് ജനതയുടെ പ്രതീക്ഷകൾ, പ്രാർത്ഥനകൾ.. എല്ലാം ഒത്തുച്ചേർന്നപ്പോൾ ആ 41 ജീവനുകൾ സുരക്ഷിതമായി പുറംലോകത്തെത്തുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയവർ ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തി. പ്രതീക്ഷയോടെ പ്രയത്‌നിച്ചു, ആത്മവിശ്വാസത്തിന് കരുത്തു പകരാൻ പ്രാർത്ഥിച്ചു.. ടീം വർക്കിന്റെയും ടീം സ്പിരിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി അങ്ങനെ സിൽക്യാര രക്ഷാദൗത്യം മാറി..
നവംബർ 12ന് തുരങ്കത്തിൽ അപകടം സംഭവിക്കുകയും തൊഴിലാളികൾ കുടുങ്ങിപ്പോവുകയും ചെയ്തതിന് ശേഷം ഒടുവിൽ അവരെ പുറത്തെത്തിച്ചതിന്റെ ദൃശ്യങ്ങൾ ഇന്നലെയോടെ പുറത്തുവന്നിരുന്നു. അതിൽ തന്നെ, ഏറ്റവുമാദ്യം പുറത്തെത്തിയ തൊഴിലാളിയുടെ ദൃശ്യമാണ് ഇപ്പോൾ എഎൻഐ പങ്കുവച്ചിരിക്കുന്നത്. തുരങ്കത്തിലെ അവിശിഷ്ടങ്ങൾക്കിടയിലൂടെ തുരന്ന് കുടുങ്ങിക്കിടക്കുന്നവരുടെ പക്കൽ എത്തിയതിന് ശേഷം അതുവഴി പൈപ്പ് കടത്തിയായിരുന്നു രക്ഷാദൗത്യം. പൈപ്പിനുള്ളിലൂടെ പുറത്തെത്തിയ ആദ്യ തൊഴിലാളിയെ പുറത്തുനിൽക്കുന്ന എൻഡിആർഎഫ് സംഘം വാരിയെടുത്തു. അദ്ദേഹത്തെ എഴുന്നേറ്റ് നിർത്തിയതിന് ശേഷം കൈകളിൽ ഘടിപ്പിച്ചിരുന്ന സുരക്ഷാ കവചങ്ങൾ പതിയെ അഴിച്ചെടുത്തു. പുനർജ്ജന്മമെന്ന പോലെ പുറംലോകം വീണ്ടും കാണാനായതിന്റെ സന്തോഷത്താൽ ജീവിതത്തിലേക്ക് തിരികെയത്തിയതിന്റെ ആഹ്ളാദത്താൽ അദ്ദേഹം പുഞ്ചിരിച്ചു. ശേഷം പുറത്തുനിൽക്കുന്നവർക്കായി കൈവീശി ഒരു തമ്പ്‌സ് അപ്പ് നൽകി. പുറത്തെത്തിയ 41 പേരുടെ മുഖത്ത് നിന്നുതിരുന്ന പുഞ്ചിരി നൽകുന്ന സന്തോഷത്തിലും ആശ്വാസത്തിലുമാണ് ഇന്ന് ഭാരതം.
ദൃശ്യങ്ങൾ കാണാം..
#WATCH | Rescued worker gives a thumbs up the moment he comes out of the rescue pipe after being trapped inside the Silkyara tunnel for 17 days pic.twitter.com/C4RNOOa61m
— ANI (@ANI) November 29, 2023