ജയ്പൂർ: രാജസ്ഥാനിലെ പാലി ജില്ലയിൽ പിതാവ് മകളെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊലപ്പെടുത്തി. പാലി സ്വദേശി ശിവ്‌ലാൽ മേഘ്‌വാൾ ആണ് മകളെ കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുടുംബവുമായി അകന്നു കഴിയുന്നതിന്റെ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
രണ്ട് പെൺ മക്കളിൽ മൂത്ത പെൺകുട്ടിയുടെ ഇടപെടലാണ് കുടുംബവുമായി അകലാൻ കാരണമെന്ന സംശയത്തെ തുടർന്നാണ് പിതാവായ മേഘ്‌വാൾ 32-കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ ഒരു കല്യാണത്തിൽ പങ്കെടുക്കാനെത്തിയ മകളെ പിതാവ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് കൂട്ടികൊണ്ടു പോവുകയായിരുന്നു. തുടർന്ന് യുവതിയെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊലപ്പെടുത്തി. 12 വർഷമായി പ്രതി കുടുംബവുമായി അകന്നു കഴിയുകയായിരുന്നെന്നും ഇതിനു കാരണം ആദ്യത്തെ മകളാണെന്ന് പ്രതി നിരന്തരം പറഞ്ഞിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.















