ന്യൂഡൽഹി: കാശി തമിഴ് സംഗമത്തിന്റെ രണ്ടാം ഘട്ടത്തിനു പുണ്യനഗരം ഒരുങ്ങുന്നു.ഡിസംബർ 17 മുതൽ 30 വരെയാണ് ഈ സാംസ്‌കാരിക സംഗമം നടക്കുക. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക വെബ്‌സൈറ്റിൽ അപേക്ഷിക്കാമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
പുരാതന ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രങ്ങളായ തമിഴ്നാടും ഉത്തർപ്രദേശിലെ വാരണാസിയും തമ്മിലുള്ള ബന്ധം പുതുക്കുന്നതിനായി കേന്ദ്ര സർക്കാർ ‘ഒരേ ഭാരതം ഉന്നത ഭാരതം’ പദ്ധതി പ്രകാരം കഴിഞ്ഞ വർഷംസംഘടിപ്പിച്ച സംഗമപരിപാടിയാണ് “കാശി തമിഴ് സംഗമം”. ഒരു മാസം നീണ്ടുനിന്ന പരിപാടിയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ പ്രത്യേക ട്രെയിനുകളിൽ എത്തി വാരണാസിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി പ്രമുഖർ ഇതിൽ പങ്കെടുത്തു. കല, സംസ്‌കാരം, ഭക്ഷണം തുടങ്ങിയ എല്ലാ സാംസ്‌കാരിക വിനിമയങ്ങൾക്കും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടം എന്ന നിലയിലാണ് കാശി തമിഴ് സംഗമം 2 . 0 ഡിസംബർ 17 മുതൽ 30 വരെ നടക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
ഇതിനായി തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് 1400 പേരെ പ്രത്യേക ട്രെയിനിൽ വാരണാസി, പ്രയാഗ്‌രാജ്, അയോധ്യ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. ഇതിനായി എട്ട് ദിവസത്തെ യാത്രയാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
പ്രാദേശിക നെയ്‌ത്തുകാർ, കരകൗശല വിദഗ്ധർ, സംരംഭകർ, എഴുത്തുകാർ എന്നിവരുമായുള്ള സംവേദനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആശയങ്ങൾ കൈമാറുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ സാഹിത്യം, ആത്മീയത, കല എന്നിവയുമായിബന്ധപ്പെട്ട സെമിനാറുകൾ, ചർച്ചകൾ, പരിശീലന ശിൽപശാലകൾ തുടങ്ങിയവയും നടത്തും.
തമിഴ്‌നാട്ടിലെയും കാശിയിലെയും കൈത്തറി, കരകൗശല വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് വിൽപന ഹാളുകൾ സ്ഥാപിക്കാനും ക്രമീകരണം ചെയ്തിട്ടുണ്ട്. ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെന്നൈ ഐഐടി പ്രത്യേകം തയ്യാറാക്കിയ www.kashitamil.iitm.ac.in./ എന്ന വെബ്സൈറ്റിൽ 2023 ഡിസംബർ 8-നകം രജിസ്റ്റർ ചെയ്യാം.
തമിഴ് കലണ്ടർ അനുസരിച്ച് ഏറെ പ്രത്യേകതകളുള്ള മാസമായ മാർഗഴിയുടെ ഒന്നാം ദിവസമാണ് (ഡിസംബർ 17 ) കാശി തമിഴ് സംഗമം 2.0 തുടങ്ങുന്നത്.