മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാനിനും പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രേവാളിനുമെതിരെ വീണ്ടും വധഭീഷണി. ഭീഷണി വന്നതിനു പിന്നാലെ സൽമാൻഖാന് മുംബൈ പോലീസ് വൈ പ്ലസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വധഭീഷണിക്ക് പിന്നിൽ എന്ന് ജിപ്പി ഗ്രേവാൾ പറഞ്ഞു.
നടൻ ജിപ്പി ഗ്രേവാളിനെ അഭിസംബോധന ചെയ്താണ് ഭീഷണി വന്നത്. സൽമാൻഖാനെ ജിപ്പി സഹോദരനായി കണക്കുന്നതിനാൽ അയാൾക്ക് നിങ്ങളെ രക്ഷിക്കാനുള്ള സമയമാണിതെന്നായിരുന്നു കുറിപ്പിൽ പറയുന്നത്. കാനഡയിലെ ജിപ്പി ഗ്രേവാളിന്റെ വീടിനു നേരെ മുമ്പും ആക്രമണം നടന്നിരുന്നു. ഇതിന്റെ ഉത്തരവാദിത്വം അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയി തന്നെ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത വധഭീഷണിയും ജിപ്പിയെ തേടി എത്തിയിരിക്കുന്നത്.
” നിങ്ങൾ സൽമാൻഖാനെ സഹോദരനെ പോലെയല്ലേ കരുതുന്നത്. അതുകൊണ്ട് നിങ്ങളുടെ സഹോദരന് നിങ്ങളെ രക്ഷിക്കാനുള്ള സമയമാണിത്. ഈ സന്ദേശം സൽമാൻഖാനും വേണ്ടിയുള്ളതാണ്. ദാവൂദ് അടക്കം ആർക്കും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല. സിദ്ധു മൂസേവാലയുടെ മരണത്തോടുള്ള നിങ്ങളുടെ പ്രതികരണം ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ നിങ്ങൾ ഞങ്ങളുടെ റഡാറിൽ എത്തിയിരിക്കുകയാണ്. ഇതൊരു ട്രെയിലർ മാത്രം, പിന്നാലെ മുഴുവൻ പടവും പുറത്തിറങ്ങും. നിങ്ങൾക്ക് ഏതെങ്കിലും രാജ്യത്തേക്ക് ഓടി പോകാം. എന്നാൽ ഒന്നോർക്കുക മരണത്തിന് വിസ ആവശ്യമില്ല. അത് ക്ഷണിക്കാതെ എത്തിപ്പെടും”- ഭീഷണി കുറിപ്പിൽ പറയുന്നു.
ജിപ്പി ഗ്രേവാളിന്റെ വീടിനു നേരെ അക്രമികൾ വെടിയുതിർത്തപ്പോൾ തനിക്ക് സൽമാൻഖാനുമായി നേരിട്ട് ബന്ധമൊന്നുമില്ലെന്നും രണ്ട് പ്രാവശ്യം മാത്രമാണ് അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളതെന്നും ജിപ്പിഗ്രേവാൾ വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷവും വധഭീഷണി പിന്തുടരുന്നതിനാൽ താരങ്ങൾക്ക് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.















