സിൽക്യാര രക്ഷാദൗത്യത്തിന്റെ വിജയത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി ജനറൽ വി.കെ. സിംഗ്. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വി.കെ. സിംഗ് ഇത് പറഞ്ഞത്. രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്ന് നയിച്ച വ്യക്തിയാണ് വി.കെ. സിംഗ്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം സിൽക്യാരയിൽ താമസിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
സിൽക്യാരയിലുണ്ടായത് ബുദ്ധിമുട്ടുള്ള സാഹചര്യമായിരുന്നു. 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിയത്. എന്നാൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് രാജ്യം അവരെ രക്ഷപ്പെടുത്തി. ഈ ഓപ്പറേഷന്റെ വിജയത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് താൻ പറയും. കാരണം പൂർണസമയവും അദ്ദേഹം സ്ഥിതിഗതികൾ നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ ഈ രീതി അതിശയിപ്പിക്കുന്നതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
രക്ഷാ പ്രവർത്തനം പൂർത്തിയായതിന് പിന്നാലെ ദൗത്യത്തിന്റെ വിജയത്തിൽ പ്രധാനമന്ത്രി സന്തോഷം പങ്കുവെച്ച് സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. തൊഴിലാളികളുടെ ധൈര്യവും ക്ഷമയും എല്ലാവരേയും പ്രചോദിപ്പിക്കുന്നതാണ്. തൊഴിലാളികൾക്ക് എല്ലാവർക്കും നല്ല ആരോഗ്യം നേരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അവർ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നു എന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തൊഴിലാളികളുമായി അദ്ദേഹം ഫോണിൽ സംസാരിക്കുകയും നേരിട്ട് സന്തോഷം അറിയിക്കുകയും ചെയ്തിരുന്നു.