എറണാകുളം: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിലുള്ള പ്രതിയും എൻ ഭാസുരാംഗന്‍റെ മകനുമായ അഖിൽ ജിത്ത് ജാമ്യ ഹർജി നൽകി. കൊച്ചിയിലെ പിഎംഎൽഎ കോടതിയിലാണ് ഹർജി നൽകിയത്. ഭരണസമിതി നടത്തിയ ക്രമക്കേടിൽ തനിക്ക് പങ്കില്ലെന്നാണ് അഖിൽ ജിത്ത് ഹർജിയിൽ പറയുന്നത്.
കേസിൽ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ ഇഡിയ്‌ക്ക് ആയിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതി ചേർത്തതെന്നുമാണ് വാദം. ബാങ്കിൽ നിന്ന് നിയമപരമായ ലോൺ എടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
നവംബർ 21 നാണ് അഖിൽ ജിത്തിനെയും ഭാസുരാംഗനെയും കണ്ടല ബാങ്ക് ക്രമക്കേടിൽ ഇഡി അറസ്റ്റ് ചെയ്തതത്. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗന്റെ സാമ്പത്തിക ഇടപാടുകൾ, ബാങ്ക് നിക്ഷേപങ്ങൾ, വായ്പകൾ അനുവദിക്കുന്നതിലെ ഇടപെടലുകൾ എന്നിവ മുൻ നിർത്തിയാണ് ഇഡി അന്വേഷണം ആരംഭിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഭാസുരാംഗൻ സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.















