മുംബൈ: വനിതകളുടെ ടി20 പരമ്പരയിൽ മിന്നുവിന്റെ ചിറകിലേറി ഇന്ത്യൻ വനിതാ എ ടീമിന് ജയം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്ന് റൺസിനാണ് മിന്നുവിന്റെയും സംഘത്തിന്റെയും വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങൾ ഡിസംബർ ഒന്ന്, മൂന്ന് തീയതികളിലാണ്.
മറുപടി ബാറ്റിംഗിൽ 40 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായി. പിന്നീട് 4-ാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ഹോളി ആർമിറ്റേജും സെറിൻ സ്മെയിലും ചേർന്ന് 70 (57 പന്തിൽ) റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. ഹോളി ആർമിറ്റേജിന് പിന്നാലെ സെറിൻ സ്‌മെയിലിനെയും കശ്വീ ഗൗതം കൂടാരം കയറ്റി. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് ഇംഗ്ലണ്ടിന് വിനയായത്. അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 13 റൺസായിരുന്നു ആവശ്യമായി ഉണ്ടായിരുന്നത്. എന്നാൽ അവസാന പന്തിൽ ജയിക്കാൻ നാല് റൺസ് വേണമെന്നിരിക്കെ ഇംഗ്ലീഷ് ബാറ്റർ ചാർളി ഡീൻ റണ്ണൗട്ടാകുകയായിരുന്നു. 17-ാം ഓവറിൽ മിന്നും ഫോമിൽ ക്രീസിലുണ്ടായിരുന്ന ഇംഗ്ലീഷ് ബാറ്റർ ഹോളി ആർമിറ്റേജിനെ(52) മിന്നു മണി കൂടാരം കയറ്റിയതാണ് മത്സരത്തിൽ നിർണായകമായത്. കശ്വീ ഗൗതം, ശ്രേയങ്ക പാട്ടീൽ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. മിന്നു മണി, മന്നത്ത് കശ്യപ്, പി.നായിക് എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്‌ക്കായി ഓപ്പണർ ദിനേശ് വൃന്ദ (22), ദിഷ കസത് (25) എന്നിവർ മികച്ച പ്രകടനം കാഴ്ച വച്ചു. ജി.ദിവ്യ (22), ആരുഷി ഗോൽ (15), കനിക ആഹൂജ (19) എന്നിവരും ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഫ്രേയ കെംപ്, ചാർലീ ഡീൻ എന്നിവർ ഇംഗ്ലണ്ടിനായി 2 വിക്കറ്റ് വീതവും ലൗറൻ ഫിലർ, ക്രിസ്റ്റി ഗോർഡൺ, ഇസി വോംഗ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.