ബെംഗളൂരു: സൈബർ തട്ടിപ്പിൽ അകപ്പെട്ട് ബെംഗളൂരൂവിൽ ഇൻഫോസിസ് ജീവനക്കാരന് നഷ്ടമായത് 3.7 കോടി രൂപ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസിറ്റിഗേഷൻ (സിബിഐ), മുംബൈ പോലീസ് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
നവംബർ 21 നാണ് തട്ടിപ്പ് നടത്തിയവർ ആദ്യം ഇൻഫോസിസ് ജീവനക്കാരനെ വിളിക്കുന്നത്. മുംബൈ വക്കോല പോലീസ് സ്‌റ്റേഷനിൽ തനിക്കെതിരെ ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് വിളിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസും ഫയൽ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. തന്റെ സ്വകാര്യ അക്കൗണ്ടിൽ നിന്നും 3.7 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസഫർ ചെയ്യാനും അവർ നിർദ്ദേശിച്ചു.
ട്രായ് ജീവനക്കാരനെന്ന് പറഞ്ഞ് വിളിച്ച വ്യക്തി പരാതിക്കാരന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡ് വഴി നിയമവിരുദ്ധമായ പരസ്യങ്ങൾ പോസ്റ്റ് ചെയ്യാറുണ്ടെന്നും പറഞ്ഞു. എന്നാൽ ആ ഫോൺ നമ്പർ തന്റേത് അല്ലെന്ന് അറിയിച്ചപ്പോൾ തന്റെ ആധാർകാർഡ് ഉപയോഗിച്ച് വാങ്ങിയതാണെന്ന് അറിയിച്ചു. പിന്നീട് മുബൈ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് മറ്റൊരാൾ വിളിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് അവരെയും സിബിഐയെയും സന്ദർശിക്കണമെന്നും ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. വീഡിയോ കോളിലൂടെ പോലീസ് സ്‌റ്റേഷന്റെ സജ്ജീകരണവും ഉദ്യോഗസ്ഥരുടെ ഐഡി കാർഡും കാണിച്ചു. അറസ്റ്റ് ഒഴിവാക്കുന്നതിനായി പണം ആവശ്യപ്പെട്ട തട്ടിപ്പ് സംഘത്തിന് പല അക്കൗണ്ടുകളിലേക്ക് ആയിട്ടാണ് പരാതിക്കാരൻ തുക അയച്ച് നൽകിയത്.
എന്നാൽ താൻ തട്ടിപ്പിന് ഇരയായി എന്ന് മനസിലായതോടെ നവംബർ 25-ന് ഇയാൾ പോലീസിൽ പരാതി നൽകി. സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട് , ഐപിസി സെക്ഷൻ 419, 420 എന്നിവ പ്രകാരമാണ് കേസെടുത്തത്. മൂന്ന് കോടിയിലധികം രൂപ നഷ്ടപ്പെട്ടതിനാൽ കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് (സിഐഡി) കൈമാറുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തട്ടിപ്പുകാരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്ക് അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.