ന്യൂഡൽഹി: രാജ്യത്തെ ഓഹരി വിപണിക്ക് ചരിത്രനേട്ടം. നാല് ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യം പിന്നിട്ട് ഇന്ത്യൻ കമ്പനികൾ. ചരിത്രത്തിൽ ആദ്യമായാണ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം നാല് ലക്ഷം കോടി ക്ലബിൽ എത്തുന്നത്. ഈ ക്ലബിൽ മൂന്ന് രാജ്യങ്ങൾ മാത്രമാണ് നിലവിലുള്ളത്. യുഎസ്, ചൈന, ജപ്പാൻ എന്നിവയ്‌ക്ക് പുറമെ ഇപ്പോൾ ഇന്ത്യ കൂടി ഈ ക്ലബിൽ എത്തിയിരിക്കുകകയാണ്. നിലവിൽ 333 ലക്ഷം കോടി രൂപയാണ് കമ്പനികളുടെ മൊത്തം വിപണിമൂല്യം. ഡോളറിൽ കണക്കാക്കിയാൽ നാല് ലക്ഷം കോടിയോളം വരും ഇത്.
ലോകത്തെ ആകെ വിപണി മൂല്യം 106 ലക്ഷം കോടി ഡോളറാണ്്. 48 ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യമാണ് യുഎസിനുള്ളത്. ചൈനയുടെത് 9.7 ലക്ഷം കോടി ഡോളറും ജപ്പാൻ 6 ലക്ഷം കോടി ഡോളറുമാണ്. ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ വിപണി മൂലധനം 15 ശതമാനമാണ് ഉയർന്നത്. ചൈനയുടേത് അഞ്ച് ശതമാനം ഇടിയുകയും ചെയ്തു. യുഎസിന്റെ വളർച്ച 17 ശതമാനവും. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരി മുന്നേറ്റമാണ് രാജ്യത്തെ വിപണി മൂല്യത്തിന്റെ വൻകുതിപ്പിന് പിന്നിലെ കാരണം.
ഏപ്രിൽ ഒന്നു മുതലുള്ള കണക്കിൽ രാജ്യത്തെ വിപണി മൂല്യത്തിലുണ്ടായത് 27 ശതമാനം വർദ്ധനവാണ്. വികസ്വര ഇന്ത്യയിലേക്കുള്ള ചുവടുവയ്പ്പാണ് വിപണി മൂല്യം നാല് ലക്ഷം കോടി ഡോളർ പിന്നിടുന്നതെന്നാണ് സാമ്പത്തിക വിദഗ്ദരുടെ നിരീക്ഷണം. സാമ്പത്തിക സ്ഥിരതയും നിക്ഷേപ വരവും ആഗോള തലത്തിൽ ഇന്ത്യയ്‌ക്ക് വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇതിനെ തുടർന്ന് ഇന്ത്യൻ കമ്പനികളുടെ വരുമാനത്തിലും വൻ വർദ്ധനവാണുണ്ടാകുന്നത്.















