തിരുവനന്തപുരം: സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിന തടവും പിഴയും. തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി നിസാറിനെയാണ് ശിക്ഷിച്ചത്. അയൽവീട്ടിലെത്തിയ ബന്ധുവിനെ വീട് കയറി ആക്രമിച്ചെന്നായിരുന്നു കേസ്. പ്രതിയുടെ ആക്രമണത്തിൽ വക്കം സ്വദേശി നിസാമിന് സാരമായി മർദ്ദനമേറ്റിരുന്നു.
2018-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മർദ്ദനമേറ്റ നിസാം തന്റെ സഹോദരന്റെ വീട്ടിൽ എത്തിയപ്പോൾ പ്രതിയായ നിസാർ വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. നിസാം ഈ വീട്ടിലെത്തിയത് മറ്റെന്തോ ഉദ്ദേശത്തിലാണെന്ന് ആരോപിച്ച് ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു.
ഇരുമ്പ് വടി ഉപയോഗിച്ച് നിസാമിനെയും സഹോദരനെയും സഹോദരിയെയും വാപ്പയെയും ആക്രമിച്ചു. നിസാം എത്തിയതിന്റെ കാരണം മറ്റെന്തോ ആണെന്ന് കരുതിയാണ് ആക്രമിച്ചതെന്ന് നിസാർ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ കോടതി സദാചാര പോലീസിങ്ങാണെന്ന് നിരീക്ഷിക്കുകയായിരുന്നു.