കോട്ടയം: പോക്‌സോ കേസിൽ കോട്ടയം സ്വദേശിക്ക് 80 വർഷം തടവും ഇരട്ട ജീവപര്യന്തവും. മാടപ്പള്ളി സ്വദേശി ജോഷി ചെറിയാനെയാണ് കോടതി ശിക്ഷിച്ചത്. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി. ജഡ്ജി പിഎസ് സൈമണാണ് ശിക്ഷ വിധിച്ചത്.
2021-ൽ തൃക്കൊടിത്താനം പോലീസ് രജിസ്റ്റർ ചെയ്ത കേസിന്മേലാണ് നടപടി. ജീവപര്യന്തം ശിക്ഷ മരണം വരെയാണെന്ന് വിധി പറയുന്ന വേളയിൽ കോടതി വ്യക്തമാക്കി. ഇതിന് പുറമെ ആറര ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് കോടതി വിധിച്ചിട്ടുണ്ട്. ഇത് നൽകാത്ത പക്ഷം ആറര വർഷം കൂടി അധികം തടവ് അനുഭവിക്കണമെന്നും ശിക്ഷാ വിധിയിൽ പറയുന്നു.
പിഴ തുക അതിജീവതയ്‌ക്ക് നൽകണമെന്നാണ് കോടതി നിർദ്ദേശം. ഇതിന് പുറമെ ജില്ലാ ലീഗൽ അതോറിറ്റിയിൽ നിന്നും നഷ്ടപരിഹാരമായി തുക നൽകണമെന്നും കോടതി നിർദ്ദേശിച്ചു.