ശീതകാലാവസ്ഥ ചൂടിൽ നിന്നുമുള്ള ആശ്വാസമാണ്. എന്നാൽ പെട്ടെന്ന് ഉണ്ടാകുന്ന ഈ കാലാവസ്ഥ മാറ്റം എപ്പോഴും ആരോഗ്യത്തിന് ഗുണകരമാകണം എന്നില്ല. പനി, ജലദോഷം, ചുമ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ശൈത്യകാലത്ത് സാധാരണയാണ്. എന്നാൽ ശരീരത്തിന്റെ ആരോഗ്യത്തോടൊപ്പം തന്നെ ചർമ്മത്തിന്റെയും, മുടിയുടെയും ആരോഗ്യവും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. തണുപ്പ് തുടങ്ങിയാൽ പിന്നെ മുടിയും ചർമ്മവും വരണ്ട അവസ്ഥയിലേക്ക് മാറും. മുടിയുടെ സ്വാഭാവിക തിളക്കം ഇല്ലാതാവുന്നതിനും, വരണ്ട് പോകുന്നതിനും തണുപ്പ് ഒരു കാരണമാണ്.
പഠനങ്ങൾ അനുസരിച്ച് ശൈത്യകാലമാവുമ്പോൾ മുടിയിൽ പ്രകൃതിദത്തമായ ലൂബ്രിക്കേഷൻ നടക്കില്ല. അതിനാൽ പോഷണം നിലനിർത്തുന്നതിനായി മുടി വേരിൽ ശേഖരിച്ച് വയ്‌ക്കുന്ന എണ്ണകളെ ആശ്രയിക്കും. ഇത് മുടി വരണ്ട് പോകുന്നതിനും പോഷണം ഇല്ലാതാക്കുന്നതിനും കാരണമാവും.
എന്നാൽ ചില നുറുങ്ങ് വിദ്യങ്ങൾ കൊണ്ട് തന്നെ അവ പരിഹരിക്കാവുന്നതെയുള്ളു. ഭക്ഷണത്തിൽ ചില മാറ്റങ്ങൾ കൊണ്ട് വരുകയാണ് അതിൽ പ്രധാനം. ഈ മാറ്റങ്ങൾ ഭക്ഷണത്തിൽ കൊണ്ട് വന്നാൽ തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും.
കൃത്യമായി വെള്ളം കുടിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ പലപ്പോഴും നാം അവഗണിക്കുന്ന കാര്യം കൂടിയാണിത്. ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് വഴി കോശങ്ങളിലെയും ടിഷ്യുകളിലെയും ഓക്‌സിജന്റെ അളവ് കൂടും. അത് വഴി ആരോഗ്യകരമായ മുടി വളരുന്നതിനും കാരണമാവും.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് സീസണൽ ഉൽപ്പന്നങ്ങൾ. അവ മുടിക്കും ഗുണകരമാണ്. മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം സീസണൽ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ശരിയായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ്. ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഇത്തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും. ഇവ മുടികളിൽ പ്രോട്ടീൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും.
ശൈത്യകാലമായാൽ ആൽക്കഹോളിന്റെ ഉപയോഗം വർദ്ധിക്കും. ആൽക്കഹോളിന്റെ അമിതോപയോഗം നിർജലീകരണത്തിന് കാരണമാവും. ഇത് മൊത്തത്തിലുള്ള ശാരീരക ആരോഗ്യത്തെയാണ് ബാധിക്കുക. കൂടാതെ വറുത്തതും ഉയർന്ന കലോറിയുള്ളതുമായ ഭക്ഷണങ്ങളുടെ ഉപഭയോഗം പരിമിതപ്പെടുത്തുന്നതും ഒരുപോലെ പ്രധാനമാണ്. സീസണിൽ വരുന്ന വറുത്തതും കൊഴുപ്പുള്ളതും പഞ്ചസാര നിറഞ്ഞതുമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് മനുഷ്യശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വർദ്ധിപ്പിക്കും, ഇത് ചർമ്മത്തിലേക്കും മുടി കോശങ്ങളിലേക്കും രക്തത്തിന്റെയും ഓക്‌സിജന്റെയും ക്രമമായ രക്തചംക്രമണത്തെ തടസ്സപ്പെടുത്തും.















