മുംബൈ: നിക്ഷേപകർക്ക് ഉയർന്ന നേട്ടം സമ്മാനിച്ച് കൊണ്ട് ടാറ്റ ടെക്നോളജീസിന്റെ ഐപിഒ (പ്രാരംഭ ഓഹരി വിൽപ്പന) ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. 140 ശതമാനം നേട്ടത്തിൽ 1200 രൂപയിലാണ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി വ്യാപാരം ആരംഭിച്ചത്. 139.99 ശതമാനം നേട്ടത്തിൽ 1199.95 രൂപയിലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം തുടങ്ങിയത്.
ഐപിഒയുടെ ഇഷ്യു പ്രൈസ് 500 രൂപയാണ്. 2004 ആയിരുന്നു ടാറ്റ ഗ്രൂപ്പിൽ നിന്ന് ഒരു കമ്പനി അവസാനമായി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. നവംബർ 22 മുതൽ 24 വരെ നടന്ന ഐപിഒ, ആരംഭിച്ച് 36 മിനിറ്റിനുള്ളിൽ പൂർണമായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരുന്നു. പൂർണമായും ഓഫർ ഫോർ സെയിലിലൂടെ നടന്ന ഐപിഒയിൽ 3042.51 കോടി രൂപയാണ് സമാഹരിച്ചത്. ഓഫർ ഫോർ സെയിലായതുകൊണ്ടുതന്നെ ടാറ്റ ടെക്നോളജീസിന് പണമൊന്നും ലഭിക്കില്ല.
മാതൃകമ്പനിയായ ടാറ്റ മോട്ടോഴ്സ് 11.41 ശതമാനം ഓഹരികൾ വിറ്റു. ആൽഫ ടിസി ഹോൾഡിങ്സ് (2.40%),ടാറ്റ ക്യാപിറ്റൽ ഗ്രോത്ത് ഫണ്ട് (1.20%) എന്നിവരാണ് ഓഹരികൾ വിറ്റ മറ്റ് നിക്ഷേപകർ.
ശക്തമായ നിക്ഷേപക താൽപ്പര്യം കമ്പനിയുടെ അതിശക്തമായ അടിത്തറയും ടാറ്റ ഗ്രൂപ്പിന്റെ പൈതൃകവും പ്രതിഫലിപ്പിക്കുന്നതായി, സ്വസ്തിക ഇൻവെസ്റ്റ്‌മാർട്ട് ലിമിറ്റഡിന്റെ വെൽത്ത് മേധാവി ശിവാനി ന്യാതി ലിസ്റ്റിംഗിന് ശേഷം പറഞ്ഞു. ടാറ്റ ടെക്‌നോളജീസിന്റെ ലിസ്റ്റിംഗ് കമ്പനിക്കും എഞ്ചിനീയറിംഗ് സേവന മേഖലയ്‌ക്കും നല്ല സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത്. ഐപിഒയിൽ പങ്കെടുത്ത നിക്ഷേപകർ തങ്ങളുടെ ഓഹരികൾ ദീർഘകാലത്തേക്ക് കൈവശം വെക്കുന്നത് പരിഗണിക്കണം, കാരണം കമ്പനിക്ക് സുസ്ഥിരമായ വളർച്ചയുണ്ട് ശിവാനി ന്യാതി കൂട്ടിച്ചേർത്തു.















