തിരുവനന്തപുരം: ശിക്ഷാ വിധി കേൾക്കാതെ മദ്യപിക്കാൻ പോയ കൊലക്കേസ് പ്രതിക്ക് കഠിന തടവ് വിധിച്ച് കോടതി. പോത്തൻകോട് സ്വദേശി ബൈജുവിനെയാണ് പതിനേഴര വർഷം കഠിന തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഒരാളെ വെട്ടിക്കൊന്ന കേസിൽ ഇന്നലെയായിരുന്നു പ്രതിയുടെ വിധി പറയാൻ ഇരുന്നത്. എന്നാൽ വിധി പറയാനിരിക്കെ പ്രതി മുങ്ങുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പോലീസ് പിടിയിലാകുന്ന സമയത്ത് മദ്യപിച്ച് ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഇയാൾ. ശിക്ഷ വിധിക്കും മുൻപ് ഒരിക്കൽ കൂടി മദ്യപിച്ചതാണ് എന്നായിരുന്നു ഇയാളുടെ വാദം. പ്രതി മദ്യപിക്കാൻ പോയതോടെയാണ് ശിക്ഷാ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്.