ന്യൂഡൽഹി: ലോക കാലാവസ്ഥ ഉച്ചകോടിയ്‌ക്ക് ദുബായിൽ ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അടക്കമുള്ള ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള നിർണ്ണായക സമ്മേളനമായിരിക്കും കോപ് 28. കാലാവസ്ഥ വ്യതിയാനം, കാർബൺ പുറന്തള്ളൽ കുറയ്‌ക്കുന്നതിനുള്ള നടപടികൾ, കാലാവസ്ഥ ധനകാര്യം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും.
ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന വാർഷിക കാലാവസ്ഥ ഉച്ചകോടിയുടെ 28-ാം എഡിഷന് ദുബായിലെ സുസ്ഥിര നഗരമായ എക്‌സ്‌പോ സിറ്റിയാണ് ആതിഥേയത്വം വഹിക്കുന്നത്. രാഷ്‌ട്രത്തലവന്മാർ, അന്താരാഷ്‌ട്ര സംഘടനകൾ, മാദ്ധ്യമ പ്രതിനിധികൾ എന്നിവരുൾപ്പെടെ 85,000-ത്തിലേറെ ആളുകൾ ദുബായിലെത്തും.
കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം വെള്ളിയാഴ്ച വൈകീട്ടോടെ മടങ്ങിവരുമെന്നാണ് വിവരം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് നരേന്ദ്രമോദി ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇയിലെത്തിയത്. ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച നടക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
അതേസമയം അധികാരമേറ്റതിന് ശേഷം, കഴിഞ്ഞ എട്ട് വർഷത്തിനിടെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആറാമത്തെ യുഎഇ സന്ദർശനമാണിത്. കഴിഞ്ഞ ജൂലൈയിലായിരുന്നു പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി ഒടുവിൽ യുഎഇയിലെത്തിയത്.













