ബെംഗളൂരു: അവധി ലഭിക്കുന്നതിനായി കുടിവെള്ളത്തിൽ എലിവിഷം കലർത്തി ഒൻപതാം ക്ലാസുകാരൻ. കോലാർ കെജിഎഫിലെ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്‌കൂൾ വിദ്യാർത്ഥിയായ 14-കാരനെ അറസ്റ്റ് ചെയ്തു. വിഷംകലർന്ന വെള്ളം കുടിച്ച മൂന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് ഹോസ്റ്റലിന് അവധി ലഭിക്കുന്നതിനായി കുട്ടി വെള്ളത്തിൽ വിഷം കലർത്തിയത്. ഈ വെള്ളം കുടിച്ച കുട്ടികൾ അവശരായി. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഷത്തിന്റെ അംശം കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോസ്റ്റലിൽ കുടിവെള്ളം വെച്ചിരുന്ന പാത്രത്തിൽ എലിവിഷം കലർത്തിയ വിവരം പുറത്തറിയുന്നത്.
നാല് മാസം മുൻപാണ് കുട്ടിയുടെ ഇഷ്ടത്തിന് വിരുദ്ധമായി രക്ഷിതാക്കൾ ഈ സ്‌കൂളിൽ ചേർത്തത്. തിങ്കളാഴ്ച അവധികഴിഞ്ഞ് വീട്ടിൽനിന്ന് സ്‌കൂളിലെത്തിയ വിദ്യാർത്ഥി, ഹോസ്റ്റലിന് അവധി ലഭിച്ചാൽ വീട്ടിലേക്ക് തിരികെപ്പോകാമെന്ന് കരുതി. ഇതിനായി വീട്ടിൽനിന്ന് എലിവിഷം കൊണ്ടുവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.