മലപ്പുറം: നവ കേരള യാത്രക്കിടെ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധവുമായി വനവാസികൾ. മലപ്പുറം നിലമ്പൂരിലാണ് പ്രതിഷേധവുമായി വനവാസികൾ രംഗത്തെത്തിയത്. അർഹതപ്പെട്ട ഭൂമി തങ്ങൾക്ക് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടാണ് വനവാസികൾ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചത്.
ഭൂമി വിട്ടു നൽകുക, സുപ്രീം കോടതി വിധി നടപ്പിലാക്കുക, പെസാ നിയമം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വനവാസികളുടെ പ്രതിഷേധം. വിഷയങ്ങൾ ഉന്നയിച്ച് 205 ദിവസമായി ഇവർ സമരം നടത്തുന്നുണ്ട്. കുട്ടികളും മുതിർന്നവരുമടക്കം നൂറോളം പേരാണ് പ്രതിഷേധത്തിൽ അണിനിരന്നത്. എത്രയും പെട്ടെന്ന് ഭൂമി വിട്ടു നൽകണമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.