ആലപ്പുഴ: കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുപ്രീം കോടതി വിധി മുഖ്യമന്ത്രിയ്‌ക്ക് മുഖത്തേറ്റ അടിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കോടതി വിധിക്ക് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി വിധി ഏറ്റവും വലിയ തിരിച്ചടി ഉണ്ടാക്കിയിരിക്കുന്നത് മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രി നേരിട്ട് സമ്മർദ്ദം ചെലുത്തിയെന്ന ഗവർണർ പറഞ്ഞത് ഇതിന്റെ തെളിവാണ്. മുഖ്യമന്ത്രി സ്വജനപക്ഷപാതമാണ് നടത്തിയത്. ഗവർണറുടെ ഭാഗം അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ നിലപാടാണ്.
ചട്ടങ്ങൾ ലംഘിച്ച് കൊണ്ടും യുജിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുമാണ് കണ്ണൂർ വൈസ് ചാൻസലറെ പുനർ നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും നടത്തിയിട്ടുള്ള രാഷ്‌ട്രീയ ഇടപെടലിന്റെ ഫലമാണിതെന്നും സുരേന്ദ്രൻ വിമർശിച്ചു.















