കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്ന് കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടായ സംശയങ്ങളിലും വൈരുദ്ധ്യങ്ങളും വ്യക്തത വരുത്താനാണ് പോലീസ് കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഫോണിലെ വിവരങ്ങളും പോലീസ് പരിശോധിക്കും. കൂടാതെ സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളും തുടരും. പ്രതികൾക്കായുള്ള അന്വേഷണം മറ്റ് ജില്ലകളിലേയ്‌ക്ക് കൂടി വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇന്നലെ വൈകിട്ടോടെയാണ് കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്‌ലാറ്റിൽ പോലീസ് പരിശോധന നടത്തിയത്. റെജിയുടെ ഫോൺ അന്വേഷണത്തിന്റെ ഭാഗമായി പോലീസിന് കൈമാറിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം അമ്മയുടെ ഫോൺ നമ്പറിലേക്കാണ് വിളിച്ചിരുന്നത്. ഈ നമ്പർ എങ്ങനെ കിട്ടി, മോചനദ്രവ്യമായി പത്ത് ലക്ഷം രൂപ മാത്രം ചോദിച്ചത് സംബന്ധിച്ച് നിരവധി കാര്യങ്ങൾ പോലീസ് അന്വേഷിക്കും. കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച് മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
കുട്ടിയെ തട്ടികൊണ്ട് പോയി നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികളെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ, പാരിപ്പള്ളിയിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ഓട്ടോ എന്നിവയെ കുറിച്ചും ഇതുവരെ ഒരു വിവരവുമില്ല. സംഭവത്തിൽ നാലുപേരുടെ രേഖാ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു.















