എറണാകുളം: മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച വിദ്യാർത്ഥികൾക്ക് തുടർപഠനം നിഷേധിച്ചതിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷൻ. തുടർ പഠനയോഗ്യത അനുവദിക്കാതെ നൽകിയ ടിസി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാൾ കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയിൽ ഇടപെടാനുള്ള സാഹചര്യം നിലനിൽക്കുന്നില്ലെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് വ്യക്തമാക്കിയത്.
2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രിൻസിപ്പൽ സദാചാര പോലീസ് ചമയുന്നുവെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചത്. പ്രതികളിലൊരാളായ കണ്ണൂർ മാമംഗലം സ്വദേശി കെ. ഹരികൃഷ്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പഠനം പുനരാരംഭിക്കാൻ കഴിയുന്ന തരത്തിൽ ടിസി നൽകാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകണമെന്നതായിരുന്നു ആവശ്യം. ഹരികൃഷ്ണന് പുറമേ ആറ് വിദ്യാർത്ഥികളെയാണ് കുറ്റം ചെയ്തതിന് കോളേജിൽ നിന്ന് പുറത്താക്കിയത്.
അന്ന് എംഎ പൊളിറ്റിക്കൽ സയൻസ് ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ഹരികൃഷ്ണൻ. പ്രതികളായ ആറു വിദ്യാർത്ഥികളുടെയും ഡിസ്മിസൽ ഉത്തരവ്, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തപാലിൽ അയച്ചു കൊടുത്തിരുന്നു. എന്നാൽ ഹരികൃഷ്ണൻ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയില്ല. ഇതേ തുടർന്ന് ഹരികൃഷ്ണന്റെ ടിസിയും സ്വഭാവ സർട്ടിഫിക്കറ്റും എംജി സർവകലാശാലാ രജിസ്ട്രാർക്ക് അയച്ചു കൊടുത്തു. പിന്നാലെയാണ് ഹരികൃഷ്ണൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.















